താനൂരില്‍ യുവാവ് കൊറോണ നിരീക്ഷണത്തിലെന്ന വ്യാജ പ്രചാരണം; കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു

താനൂര്‍: അഞ്ചുടി സ്വദേശിയായ യുവാവ് കൊറോണ നിരീക്ഷണത്തിലാണെന്ന വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. താനൂര്‍
നഗരസഭാ കൗണ്‍സിലറായ സി പി സലാമിനെതിരെയാണ് യുവാവിന്റെ ഭാര്യയുടെ പരാതിയില്‍ താനൂര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച ബാംഗ്ലൂരില്‍ നിന്നെത്തിയ യുവാവിനെതിരെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയത്.

മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവര്‍ക്കൊപ്പം വിമാനത്തില്‍ യാത്രചെയ്തിരുന്ന താനൂര്‍ സ്വദേശികള്‍ താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ കൗണ്‍സിലര്‍ ശബ്ദ സന്ദേശം അയച്ചിരുന്നു. ഇതിലാണ് അഞ്ചുടി സ്വദേശിയായ യുവാവിനെയും പരാമര്‍ശിച്ചത്.
യുവാവിനെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയത് ഇപ്രകാരമായിരുന്നു അഞ്ചുടി കണ്ടങ്കല്ലി മുഹമ്മദിക്കയുടെ മരുമകന്റെ കൂടെയുണ്ടായിരുന്ന ആള്‍ക്ക് കൊറോണയുടെ സാധ്യതയുണ്ട്. അദ്ദേഹം നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ കൂടെയാണ് മുഹമ്മദിക്കയുടെ മരുമകന്‍ നടന്നിരുന്നത്. അദ്ദേഹമിപ്പോള്‍ നമ്മുടെ നാട്ടിലാണ് ഉള്ളത്. രണ്ടുമൂന്നു ദിവസമായി ഡോക്ടറെ കാണിക്കാതെ നടക്കുകയാണ്.
ഈ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ യുവാവിന്റെ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. വീടിനടുത്ത് വലനെയ്ത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ സംഭവം അറിഞ്ഞതോടെ ജോലിക്ക് എത്താതെയായി. മാത്രമല്ല യുവാവിന്റെ ഭാര്യ ജോലി ചെയ്തിരുന്ന വീട്ടുകാരും ഭീതിയിലായി. അതോടെ ജോലിക്കു പോവാനും കഴിയാത്ത അവസ്ഥയിലായതായി ഭാര്യ. ഇതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

താനൂരില്‍ കൊറോണ നിരീക്ഷണത്തില്‍ ആരും ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍ ആണെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹാഷിം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top