ഓണ്‍ലൈന്‍ റമ്മി ഉള്‍പ്പെടെ നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: ഓണ്‍ലൈന്‍ റമ്മി ഉള്‍പ്പെടെ നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഓണ്‍ലൈന്‍ ചൂതാട്ടം കളിക്കുന്നവര്‍ക്കും നടത്തുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നിഷ്‌കര്‍ഷിക്കുന്നതാണ് നിയമം. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടമായി ചെറുപ്പക്കാരടക്കം നിരവധി പേര്‍ തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നിയമനിര്‍മാണം.

മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ.ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാണ് നിയമം നിലവില്‍ വന്നത്. ഈ മാസം 26ന് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി ഒപ്പിട്ടതോടെയാണ് ഓണ്‍ലൈന്‍ ചൂതാട്ട നിയമം നിലവില്‍ വന്നത്. ഓണ്‍ലൈന്‍ ചൂതാട്ടത്തെ നിയന്ത്രിക്കാന്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നടപ്പാക്കിയ തമിഴ്‌നാട് ഗെയിമിംഗ് ആന്‍ഡ് പൊലീസ് ലോസ് നിയമഭേദഗതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ആത്മഹത്യകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ പ്രമുഖ ചലച്ചിത്ര താരങ്ങളടക്കം ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ എത്തിയതിനെതിരെയും തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പൊതുജനാഭിപ്രായം സ്വരൂപിച്ചു.
വിവിധ വിഭാഗം ജനങ്ങളുടെ അഭിപ്രായം ആഭ്യന്തര സെക്രട്ടറിയും സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കി. ഇതുകൂടി പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. ഓര്‍ഡിനന്‍സ് നിയമം ആയതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ തരം ഓണ്‍ലൈന്‍ കളികളും തമിഴ്‌നാട്ടില്‍ നിരോധിച്ചു.

 

Share news
error: Content is protected !!
Scroll to Top