
താമരശേരി : യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ താമരശേരി ചുരത്തിൽ ആവശ്യത്തിന് ശൗചാലയങ്ങൾ നിർമിക്കണമെന്ന് താമരശേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാനാകാതെ ദുരിതമനുഭവിക്കുന്ന സ്ഥിതിയാണുള്ളത്.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് ദുരിതമനുഭവിക്കേണ്ടി വരുന്നത്. ചുരത്തിൽ നാലാം വളവിനുസമീപം ബസ് സ്റ്റോപ്പ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അടിവാരം, താമരശേരി പഴയ ബസ് സ്റ്റാൻഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരമുണ്ടാക്കണം. വട്ടക്കുണ്ട് പാലം പുനർനിർമിക്കുന്നതിന് അടിയന്തര പ്രാധാന്യത്തോടെ നടപടി ഉണ്ടാകണം.
ടി സി വാസു അധ്യക്ഷനായി. പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിജു താന്നിക്കാകുഴി, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ്, താലൂക്ക് വികസന സമിതി അംഗങ്ങളായ കെ വി സെബാസ്റ്റ്യൻ, സലീം പുല്ലടി, പി സി മോയിൻ കുട്ടി, ഉസ്മാൻ പി ചെമ്പ്ര, ദേശീ യപാത വിഭാഗം എൻജിനിയർ സലീം തുടങ്ങിയവർ സംസാരി ച്ചു. റവന്യു, എക്സൈസ്, ട്രഷറി, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ദേശീയപാത, പിഡബ്ല്യുഡി അടക്കമുള്ള വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. താലൂക്ക് തഹസിൽദാർ സി സുബൈർ സ്വാഗതം പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





