Section

malabari-logo-mobile

ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി സംഭരണത്തിന് തമിഴ്നാടുമായി ചര്‍ച്ച നാളെ, തെങ്കാശിയില്‍ സംഭരണ കേന്ദ്രം തുറക്കുന്നത് പരിഗണനയില്‍ ; കൃഷി മന്ത്രി

HIGHLIGHTS : Talks with Tamil Nadu tomorrow for vegetable procurement, consideration for opening a storage center at Tenkashi; Minister of Agriculture

പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്നാടുമായി ഡിസംബര്‍ രണ്ടിന് തെങ്കാശിയില്‍ ചര്‍ച്ച നടത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉദ്യോഗസ്ഥതല ചര്‍ച്ചയാണ് നടക്കുക. ഹോര്‍ട്ടികള്‍ച്ചര്‍ എം. ഡി ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുക്കും. അവിടത്തെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികളും പങ്കെടുക്കും. തെങ്കാശിയില്‍ ഒരു പച്ചക്കറി സംഭരണശാല തുറക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിന്റെ ഭാഗമായാണ് തമിഴ്നാടുമായി ചര്‍ച്ച നടത്തുന്നത്. ഇതിനുശേഷം ദക്ഷിണേന്ത്യന്‍ കൃഷി മന്ത്രിമാരുമായി കൂടിയാലോചന നടത്തുമെന്ന് മന്ത്രി പറഞ്ഞു. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പുതിയ കര്‍ഷക സഹായ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി എത്തിക്കാന്‍ ശ്രമമുണ്ട്. തെലങ്കാനയിലെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുമായി ആശയവിനിമയം നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ നാല് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി ശേഖരിക്കുമ്പോള്‍ ഗുണമേന്‍മയുള്ള പച്ചക്കറി ലഭിക്കും. പച്ചക്കറി വില കുറഞ്ഞാലും തെങ്കാശിയിലെ സംഭരണ കേന്ദ്രം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇടത്തട്ട് ഒഴിവാക്കി തുടര്‍ന്നും പച്ചക്കറി കൊണ്ടുവരും. പച്ചക്കറി വിലക്കയറ്റം കേരളത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നമ്മള്‍ കൃഷിയിലേക്ക് ആണ്ടിറങ്ങേണ്ടതിന്റെ ആവശ്യകതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്. കൃഷി ഒരു ജനകീയ ഉത്സവമായി മാറണം. അങ്ങനെ വന്നാല്‍ കേരളത്തിന് പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാവും.

sameeksha-malabarinews

കര്‍ഷകര്‍ക്ക് സമൂഹത്തില്‍ അന്തസോടെ ജീവിതം നയിക്കാനാവുന്ന സാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകരെ പരമാവധി സഹായിക്കാനാണ് പുതിയ പോര്‍ട്ടല്‍ ആരംഭിച്ചത്. സുരക്ഷാ ഓഡിറ്റിങ് നടത്തി കുറ്റമറ്റ സംവിധാനമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത് ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പി. രാജേന്ദ്രന്‍, സി. ഇ. ഒ സുബ്രഹ്‌മണ്യന്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!