കണ്ടെയിന്മെന്റ് സോണിലെ പോലീസിന്റെ പ്രവര്‍ത്തനം മാതൃകാപരം
കോഴിക്കോട്: ഇന്ന് ലഭിച്ച ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ നിപ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള ഒമ്പത് വയസ്സുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. കണ്ടെയിന്മെന്റ് സോണിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച 19 കോര്‍ കമ്മറ്റികളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര സംഘം വവ്വാലുകളുടെ സ്രവ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ വിട്ടുപോയവരെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. ആദ്യ രോഗിയിലെ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പോലീസിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചിട്ടുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ താഴെ തട്ടിലുള്ളവര്‍ വരെ മാതൃകാപരമായ ഇടപെടല്‍ ആണ് നടത്തിയത്.
ജില്ലയില്‍ അസാധാരണ മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് പോലീസിനോട് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോടിന്റെ നന്മ ഉള്‍ക്കൊണ്ടുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പൊതുജനങ്ങളില്‍ നിന്നും കാണുന്നത്.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളരെ നിര്‍ണായക പങ്കുവഹിക്കുന്നതാണ് പോലീസ് വകുപ്പെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പോലീസ് ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ്. സര്‍ക്കാറിന്റെ ജനകീയ പോലീസിംഗ് സംവിധാനം മികച്ച രീതിയില്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ സാധിച്ചതും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ പോലീസ് നയം നടപ്പിലാക്കാന്‍ ജില്ലയിലെ പോലീസ് സംവിധാനത്തിന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച രീതിയില്‍ ഇടപെടുന്ന ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ നിന്നും കോഴിക്കോടേക്ക് കടന്നു വരുമ്പോള്‍ മൂന്ന് പാലങ്ങളാണ് കണ്ടെയിന്മെന്റ് സോണിന്റെ ഭാഗമായി അടച്ചിട്ടുള്ളത്. അങ്ങനെയുള്ള പഞ്ചായത്തുകളില്‍ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കാന്‍ ജില്ലാ ഭരണകൂടവും പോലീസ് സംവിധാനവും ചേര്‍ന്ന് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കും. കണ്ടെയിന്മെന്റ് സോണുകളില്‍ പോലീസും ജനങ്ങളും വളരെ സൗഹാര്‍ദപരമായാണ് ഇടപഴകുന്നതെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എ ഗീത, സബ് കലക്ടര്‍ വി ചെല്‍സാസിനി, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, ജില്ലാ പോലീസ് മേധാവി (കോഴിക്കോട് സിറ്റി) രാജ്പാല്‍ മീണ, സിറ്റി ഡി സി പി കെ. ഇ ബൈജു, വിവിധ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.




