HIGHLIGHTS : Syndicate: VC has no authority to suspend registrar
തിരുവനന്തപുരം: നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്നും അതുകൊണ്ട് തന്റെ ഭാഗത്താണ് ന്യായമെന്നും വിസി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. സസ്‌പെന്‍ഷന്‍ നടപടി നിയമപരമായി നില്‍ക്കാത്ത കാര്യമാണ്. നിയമനാധികാരി സിന്‍ഡിക്കേറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമപരമായി ഇതിനെ നേരിടും. വേദിയില്‍ മതചിഹ്നം ഉപയോഗിച്ചെന്നത് വ്യക്തമാണ്. അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാളെ സര്‍വകലാശാലയില്‍ വരുമോ എന്ന ചോദ്യത്തിന് നിയമപരമായി പ്രവര്‍ത്തിക്കുമെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.

അതേസമയം, കേരള സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍കുമാറിനെതിരായ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ സസ്പെന്‍ഷന്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതിനെതിരെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ നടപടി തള്ളിക്കളയുന്നുവെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞു. സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ല. നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. അത് ഇവിടെ ലംഘിക്കപ്പെട്ടു. കെ എസ് അനില്‍കുമാര്‍ രജിസ്ട്രാറായി തുടരുമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പറഞ്ഞിരുന്നു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു