സ്വന്തം നാട്ടുകാരായ മുപ്പതോളം യുവതികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; സ്റ്റുഡിയോ ആൽബം ഡിസൈനർ പിടിയിൽ

കാസർഗോഡ്: യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയെ സൈബർ പോലീസ് പിടികൂടി. കാസർകോട്ട് സ്റ്റുഡിയോ ആൽബം ഡിസൈനർ ഇരിയണ്ണി സ്വദേശി അനൂപിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ പ്രദേശത്തെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇയാൾ ദുരുപയോഗം ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക്‌ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. 32 പേരുടെ ചിത്രങ്ങൾ ഇങ്ങനെ പ്രചരിപ്പിച്ചുവെന്നാണ് സൈബർ സെൽ പൊലീസിന്‍റെ കണ്ടെത്തൽ. ചില പുരുഷന്മാരുടെ ഫോട്ടോകളും യുവതികളുടെ ചിത്രങ്ങളോടൊപ്പം ചേർത്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കിയെന്ന തരത്തിലുള്ള പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അനൂപ് താമസിക്കുന്നത്. പ്രതിയിൽ നിന്ന് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടർ, രണ്ട് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇവ കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ടെലഗ്രാമിൽ നഗ്ന ചിത്രം കണ്ടതോടെയാണ് യുവതികൾ പരാതി നൽകിയത്. നിലവിൽ 6 പേരാണ് പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്. എന്നാൽ, ഇതിൽ ഇരകളായവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നാണ് പൊലീസ് തന്നെ പറയുന്നത്. പ്രതി ഉപയോഗിച്ചിരുന്ന ടെലഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top