
പരപ്പനങ്ങാടി: സ്ത്രീയുടെ ചെയിന്‍ പൊട്ടിച്ച് ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ട പ്രതി പിടിയിലായി. ഉത്തര്‍പ്രദേശ് സഹരന്‍പൂര്‍ സ്വദേശി ഷാജദ് മുഹമ്മദ് എം (21) നെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്സില്‍ വെച്ചാണ് സംഭവം. പരപ്പനങ്ങാടിയിൽ നിന്ന് ട്രെയിൻ പുറപ്പെട്ട് കാളിക്കാവ് ഭാഗത്ത് എത്തിയപ്പോള്‍ വാതിലിന് സമീപത്തെ വിൻ്റോ സീറ്റിൽ ഇരിക്കുകയായിരുന്ന ഇരിട്ടി സ്വദേശിനിയുടെ സ്വർണ മാല പൊട്ടിച്ച് പ്രതി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. മാല നഷ്ട്ടപ്പെട്ട സ്ത്രീ തിരൂർ സ്റ്റേഷനിൽ എത്തി ആർ പി എഫിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും പ്രതിക്ക് പരിക്ക് പറ്റാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി സമീപത്തെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പരിക്കേറ്റ ഷാജദ് മുഹമ്മദിനെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്ന് മോഷ്ടിച്ച ആഭരണവും പിടിച്ചെടുത്തു.
പ്രതിയെ കോഴിക്കോട് റെയിൽവേ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




