HIGHLIGHTS : Survivors react to verdict in actress attack case
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിനുപിന്നാലെ ആദ്യപ്രതികരണവുമായി അതിജീവിത. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാല്‍ എനിക്കിതില്‍ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയില്‍ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നുവെന്നും അതിജീവിത പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അതിജീവിയുടെ പ്രതികരണം .
കുറിപ്പിന്റെ പൂര്‍ണരൂപം
എട്ടു വര്‍ഷം, ഒന്‍പത് മാസം, 23 ദിവസങ്ങള്‍.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു, പ്രതികളില്‍ ആറുപേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.
അതുപോലെ ഒന്നാംപ്രതി എന്റെ personal ഡ്രൈവര്‍ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാള്‍ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയില്‍ പരിചയമുള്ള വ്യക്തിയോ അല്ല, 2016ല്‍ ഞാന്‍ വര്‍ക്ക്ചെയ്ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനില്‍ നിന്നും നിയോഗിക്കപ്പെട്ട ഒരാള്‍ മാത്രമാണ് അയാള്‍ ഈ ക്രൈം നടക്കുന്നതിന് മുന്‍പ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാന്‍ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങള്‍ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകള്‍ പറയുന്നത് നിര്‍ത്തുമെന്ന് കരുതുന്നു.
ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാല്‍ എനിക്കിതില്‍ അത്ഭുതമില്ല. 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയില്‍ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് ഈ കോടതിയില്‍ തീര്‍ത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്തുത ജഡ്ജില്‍നിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹര്‍ജികളും പക്ഷേ നിഷേധിക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ ഇതിന്റെ അവസാനം ഞാന്‍ ചേര്‍ക്കുന്നുണ്ട്.
നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഞാനിപ്പോള്‍ തിരിച്ചറിയുന്നു, ‘നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’ തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായിധിപന്‍മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


