HIGHLIGHTS : Survey team will be appointed to find riverside encroachment: Malappuram District Collector
കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര പുല്ലിപ്പുഴയുടെ തീരം സര്‍വേ ചെയ്ത് തിട്ടപ്പെടുത്തുന്നതിന് സര്‍വേ സംഘത്തെ നിയോഗിക്കാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് നിര്‍ദേശം നല്‍കി. ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എയാണ് ആവശ്യം ഉന്നയിച്ചത്. കയ്യേറ്റമുള്ള ഭാഗങ്ങള്‍ കണ്ടെത്തുന്നതിനാണ് സര്‍വേ. ഇതിനായി കോഴിക്കോട് താലൂക്ക് സര്‍വേയറുടെ സേവനം ലഭ്യമാക്കും. ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കായി പൊളിച്ച പൊന്നാനി നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ഡിസംബര്‍ അവസാന വാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അതോറിറ്റി എക്സി. എഞ്ചിനീയര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ആലിപ്പറമ്പ്, താഴേക്കോട് പഞ്ചായത്തുകളില്‍ ജല്‍ജീവന്‍ മിഷന്റെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡുകളുടെ നവീകരണത്തിന് സാങ്കേതികാനുമതി ലഭ്യമായാലുടന്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യും.
ജനകീയ ഹോട്ടലുകള്‍ക്ക് നല്‍കാനുള്ള തുകയില്‍ 4,80,00,000 (നാല് കോടി എണ്‍പത് ലക്ഷം) ലഭ്യമായിട്ടുണ്ടെന്നും രണ്ടുദിവസത്തിനകം കൊടുത്തുതീര്‍ക്കുമെന്നും കുടംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി യോഗത്തില്‍ അറിയിച്ചു.

തിരുനാവായ നോര്‍ത്ത് പല്ലാറിലുള്ള റേഷന്‍കട മാറ്റിസ്ഥാപിച്ചത് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന നടപടിയാണെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. നോര്‍ത്ത് പല്ലാറില്‍ നിന്ന് മാറ്റിയ റേഷന്‍കട അവിടെത്തന്നെ നിലനിര്‍ത്തുകയും സൗത്ത് പല്ലാറിലേക്ക് പുതിയതായി അനുവദിച്ച റേഷന്‍കട സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ദേശീയപാത നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നിയൂര്‍ പഞ്ചായത്തിലെ മുപ്പതോളം വീടുകളിലേക്കുള്ള വഴി നഷ്ടപ്പെട്ടുവെന്ന പരാതിയില്‍ പരിഹാരംകണ്ട ജില്ലാ കലക്ടറെ പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ യോഗത്തില്‍ അഭിനന്ദിച്ചു. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ സ്ഥലം കണ്ടെത്തി പ്രദേശവാസികളുടെ വഴിപ്രശ്നം പരിഹരിക്കുകയായിരുന്നു ജില്ലാ ഭരണകൂടം.
ദേശീയപാതയുടെ പണിപൂര്‍ത്തിയാവുന്നതോടെ അഴുക്കുചാല്‍ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് ദേശീയപാത അതോറിറ്റി ലെയ്സണിങ് ഓഫീസര്‍ പി.പി.എം അഷ്റഫ് യോഗത്തില്‍ അറിയിച്ചു. വയലുകളില്‍ നിന്ന് വെള്ളം ഒഴിഞ്ഞുപോകാന്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം കെ.പി.എ മജീദ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി യോഗത്തില്‍ വിശദീകരിച്ചു. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി എടരിക്കോട് പ്രദേശത്തെ കര്‍ഷകരുടെ ആശങ്കയാണ് എ.എല്‍.എ യോഗത്തില്‍ ഉന്നയിച്ചത്.
ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഗണിതാധ്യാപകരുടെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അഡൈ്വസ് നല്‍കുന്ന മുറയ്ക്ക് ഒഴിവുകള്‍ നികത്തുമെന്നും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കേന്ദ്രഫണ്ട് ലഭിക്കാത്ത സാഹചര്യത്തില്‍ പ്രാദേശികമായ സഹകരണത്തിലൂടെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും നിലവില്‍ കുടിശ്ശികയില്ലെന്നും ഡി.ഡി.ഇ അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസുകളില്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ മാലിന്യസംസ്‌കരണം മാതൃകാപരമായി നടപ്പിലാക്കണം. വീടുകളിലെ ഖരമാലിന്യ ശേഖരണം എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും നൂറ് ശതമാനമാക്കണം. സിവില്‍ സ്റ്റേഷന്‍ അടക്കമുള്ള ഓഫീസുകളില്‍ മിനി എം.സി.എഫ് സ്ഥാപിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന് ജില്ലാകലക്ടര്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി, രേഖകളില്ലാത്തവര്‍ക്ക് ഭൂമിയുടെ രേഖകള്‍, വീടുകളില്ലാത്തവര്‍ക്ക് വീടുകള്‍ തുടങ്ങി അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. ഇതിന്റെ ഭാഗമായി വിവിധ മിഷനുകളുടെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി. ലൈഫ് മിഷനില്‍ 18,383 വീടുകള്‍ പൂര്‍ത്തീകരിച്ചതായി ലൈഫ് മിഷന്‍ കോ-ഓഡിനേറ്ററും വിദ്യാകിരണം പദ്ധതിയില്‍ 16 സ്‌കൂളുകള്‍ക്ക് അഞ്ചുകോടി വീതവും 86 സ്‌കൂളുകള്‍ക്ക് മൂന്നുകോടി വീതവും 65 സ്‌കൂളുകള്‍ക്ക് ഒരുകോടി വീതവും അനുവദിച്ചതായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓഡിനേറ്ററും അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ടി.വി ഇബ്രാഹിം എംഎല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, എ.ഡി.എം എന്‍.എം മഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എം സുമ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു