പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും നിലവില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. ഈ കേസിലെ പ്രധാന പ്രതിയായി താന്‍ മാത്രം കഴിഞ്ഞ അഞ്ചര വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും കുറ്റകൃത്യത്തിന് പണം നല്‍കിയ മലയാളത്തിലെ താരമടക്കം പുറത്തിറങ്ങിയെന്നും ജാമ്യം വേണമെന്നുമായിരുന്നു പള്‍സര്‍ സുനി ആവശ്യപ്പെട്ടത്.

എന്നാല്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. യാതൊരു കാരണവശാലും പള്‍സര്‍ സുനിയ്ക്ക് ജാമ്യം കൊടുക്കാനാവില്ലെന്നും ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഈ കേസിലെ പ്രധാന പ്രതിയാണ് പള്‍സര്‍ സുനി. സുനിക്കെതിരെ ആക്രമിക്കപ്പെട്ട നടിയുടെ വ്യക്തമായ മൊഴിയുണ്ട്. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പുനരന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം വേണമെന്നായിരുന്നു പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ വാദങ്ങള്‍ കേട്ടശേഷം അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു.

അതേസമയം കേസ് അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത നല്‍കിയ ഹര്‍ജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് കേസ് മാറ്റിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് കേസ് മാറ്റിയത്. കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ലെന്നും ഉന്നത സമ്മര്‍ദ്ദം കാരണമാണ് ഇതെന്നും കോടതി ഇടപെട്ട് പരിഹാരം കാണണമെന്നുമായിരുന്നു അതിജീവിത ഹര്‍ജിയില്‍ പറഞ്ഞത്. മെമ്മറികാര്‍ഡിന്റെ പരിശോധന ഫലം വന്ന ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

 

Share news
error: Content is protected !!
Scroll to Top