Section

malabari-logo-mobile

പരിസ്ഥിതിലോല മേഖലയിലെ സുപ്രിംകോടതി ഉത്തരവ്; പ്രക്ഷോഭത്തിലേക്കെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

HIGHLIGHTS : Supreme Court order on environmentally sensitive areas; Thalassery Archdiocese Archbishop Mar Joseph Pamplani called for agitation.

സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ വിസ്തൃതിയില്‍ പരിസ്ഥിതി ലോല മേഖല നിലനിര്‍ത്തണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ പ്രക്ഷോഭത്തിലേക്കെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കോടതി വിധിയെ നിസാരവത്ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സീറോ മലബാര്‍ സഭാ സിനഡ് സെക്രട്ടറി മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ജനങ്ങളെ ഗൂഢവഴിയിലൂടെ കുടിയിറക്കാനുള്ള ശ്രമത്തെ സംഘടിതമായി നേരിടും. വിഷയം മതപരമല്ലെന്നും മലയോര ജനതയുടെ അതിജീവനത്തിന്റെ പ്രശ്നമാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചു.

‘കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയാനോ കോടതി വിധിയിലൂടെയുണ്ടാകുന്ന പ്രത്യാഘാതം ചര്‍ച്ച ചെയ്യാനോ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. കര്‍ഷക പക്ഷത്ത് നിന്ന് ഈ വിവരങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കൃഷിഭൂമി കയ്യേറാന്‍ വരുന്നവരെ എതിര്‍ക്കാന്‍ കര്‍ഷകരെ അണിനിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

പരിസ്ഥിതി ലോലമേഖലയിലെ സുപ്രിം കോടതി വിധിയോട് സര്‍ക്കാരിന് യോജിപ്പാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ അനുകൂല നിലപാടിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇന്ന് വിഷയം ചര്‍ച്ച ചെയ്യാനും തുടര്‍ നടപടികള്‍ കൈക്കൊള്ളാനും വനംമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്.

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാന്‍ പാടില്ലെന്നുമാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ മേഖലകള്‍ നിരവധിയാണ്.

സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയാല്‍ ജനവാസ കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഇതോടെ കര്‍ഷകരടക്കം വലിയൊരു വിഭാഗം പ്രതിസന്ധിയിലാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. ഉത്തരവ് കേരളത്തില്‍ പ്രായോഗികമല്ലെന്ന് സുപ്രിംകോടതിയെയും കേന്ദ്രസര്‍ക്കാരിനെയും അറിയിക്കാനാണ് കേരളത്തിന്റെ നീക്കം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!