ദില്ലി: മുന്‍ കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദാപുഷ്‌കര്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് സ്ഥിരീകരിച്ചു. എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ ആന്തരികാവയവ പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരച്ചത്. സെപ്റ്റംബര്‍ 27 ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ ഡല്‍ഹി സഫ്തര്‍ജങ് പോലീസിന് കൈമാറി
മരണം സംഭവിക്കുമ്പോള്‍സുനന്ദയുടെ ഹൃദയം,കരള്‍,വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങള്‍ക്ക് തകരാറുണ്ടായിരുന്നില്ല എന്നും പൂര്‍ണ്ണ ആരോഗ്യവതിയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദയുടെ ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നു എന്ന് ഉറപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പക്ഷെ വിഷം ഏതെന്ന് വ്യക്തമാക്കുന്നില്ല. രാസ പരിശോധനയില്‍ ഇത് തിരിച്ചറിയുക പ്രയാസമാണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ അദ്ധ്യക്ഷതയില്‍ ഡോക്ടര്‍ ശശാന്ത് പൂനിയ, ഡോക്ടര്‍ ആദര്‍ശ്കുമാര്‍, എന്നിവരടങ്ങിയ സംഘമാണ് രാസ പരിശോധന നടത്തിയത്.
അതേസമയം സുനന്ദ ഗുരുതരമായ ലൂപ്പസ് രോഗബാധിതയായിരുന്നുവെന്നാണ് തരൂരും ബന്ധപ്പെട്ടവരും പറഞ്ഞിരുന്നത്. പ്രതിരോധ സംവിധാനം കൂടുതലായി പ്രവര്‍ത്തിപ്പിച്ച് ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ് ലൂപ്പസ് രോഗം. എന്നാല്‍ ഈ അസുഖം സുനന്ദക്കില്ലായിരുന്നു എന്ന് കുടല്‍ പരിശോധനയില്‍ നിന്നും വ്യക്തമാകുന്നുണ്ട്. സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ മുറിയിലെ കിടക്കയും കിടക്കവിരിയും രാസപരിശോധനക്ക് വിധേയമാക്കുകയാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
കഴിഞ്ഞ ജനുവരി 17നാണ് സുനന്ദപുഷ്‌കറെ ലീലാപാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.




