ഹിയറിംഗിന് ഹാജരാകാത്ത ആറ് ഉദ്യോഗസ്ഥർക്ക് സമൻസ്

ഹിയറിംഗിൽ ഹാജരാകാതിരുന്ന ആറ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷൻ സമൻസ് അയച്ചു. വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ വിജിലൻസിലെയും 2 വീതം ഉദ്യോഗസ്ഥർക്കും എരവന്നൂർ എ യു പി സ്‌കൂൾ ഹെഡ്മാസ്റ്റർ, പാലക്കാട് ഷോളയാർ പൊലീസ് എസ്എച്ച്ഒ എന്നിവർക്കുമാണ് സമൻസ്.

ഇവർ ഡിസംബർ 11ന് വിശദീകരണം സഹിതം തിരുവനന്തപുരത്ത് കമ്മീഷൻ ആസ്ഥാനത്ത് ഹാജരാകണം. ഹിയറിംഗിന് വിളിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർ നേരിൽ ഹാജരാകണമെന്നും പകരക്കാരെ അംഗീകരിക്കില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ.അബ്ദുൽ ഹക്കീം അറിയിച്ചു. പകരക്കാരായി എത്തിയ 2 പേരെ തിരിച്ചയച്ചു. സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണെന്നും പൊതുരേഖാ നിയമ പ്രകാരം 5 വർഷം വരെ ജയിൽ ശിക്ഷയും പതിനായിരം രൂപ മുതൽ പിഴയും ലഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവരാവകാശ നിയമവും പൊതുരേഖാ നിയമവും ഫയൽ കാണാതാകുന്ന കേസുകളിൽ ഒരേ സമീപനമാണ് വ്യവസ്ഥ ചെയ്യുന്നത്. വിവരാവകാശ അപേക്ഷ ലഭിക്കും വരെ ഓഫീസിൽ ഉണ്ടായിരുന്ന ഫയൽ അപേക്ഷ ലഭിച്ചാലുടൻ കാണാതാകുന്ന സംഭവങ്ങൾ ഉണ്ടെന്നും അത്തരം ചില കേസുകൾ കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും ഒടുവിൽ മണിയൂർ ഗ്രാമ പഞ്ചായത്തിലാണ് ഫയൽ കാണാനില്ലെന്ന് മൊഴി ലഭിച്ചത്. ഈ ഫയൽ 14 ദിവസത്തിനകം കണ്ടെടുത്ത് വിവരം നൽകണമെന്നും കമ്മീഷൻ ഉത്തരവായി.

നെയ്യാറ്റിൻകര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് വിവരം നൽകിയില്ല. ഉത്തരവാദിയായ ഉദ്യോഗസ്ഥനെ കണ്ടെത്താൻ പോലും കഴിയാത്തത്രയും നിരുത്തരവാദിത്തമാണ് നടക്കുന്നതെന്ന് ഹിയറിംഗ് വേളയിൽ കമ്മീഷൻ പരാമർശിച്ചു

Share news
error: Content is protected !!
Scroll to Top