സുഡാനില്‍ മതം ഉപേക്ഷിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം റദ്ദാക്കി: സ്ത്രീകള്‍ക്ക് ചേലാകര്‍മ്മമില്ല

രാജ്യത്ത് നിലവിലുള്ള ഇസ്ലാമിക ക്രിമിനല്‍ നിയമങ്ങളില്‍ വ്യാപകമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തി ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍. സുഡാനില്‍ മതവിശ്വാസം ഉപേക്ഷിക്കുന്നവര്‍ക്ക് നിലവില്‍ വധശിക്ഷയാണ് നല്‍കാറ്. ഇതടക്കം നിരവധി നിയമങ്ങളാണ് റദ്ദാക്കുകയും, പരിഷ്‌ക്കരിക്കുകയും ചെയ്തത്. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് സുഡാന്‍ നിയമ മന്ത്രി നസ്‌റിദ്ദീന്‍ അബ്ദുല്‍ ബരി വ്യക്തമാക്കി.
പുതിയ പരിഷ്‌ക്കാരമനുസരിച്ച് സത്രീകള്‍ക്ക് കുടംബത്തിലെ ആണുങ്ങളുടെ അനുമതിയില്ലാതെ തന്നെ തങ്ങളുടെ കുട്ടികളുമൊന്നിച്ച് വീടിന് പുറത്ത് പോകാം. സ്ത്രീകള്‍ക്കിടയില്‍ നിര്‍ബന്ധിത ചേലാകര്‍മ്മം വ്യാപകമായ രാജ്യമാണ് സുഡാന്‍. ഇത് പുതിയ നിയമപരിഷക്കാരം മൂലം നിരോധിച്ചിരിക്കുകയാണ്.

1991 ല്‍ സുഡാനില്‍ നടപ്പാക്കിയ ക്രിമിനല്‍ നിയമപ്രകാരമാണ് വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ മതം ഉപേക്ഷിച്ചാല്‍ വധശിക്ഷ നല്‍കുന്ന നിയമം നിലവില്‍ വന്നത്.
രാജ്യത്ത് മുസ്ലീം ഇതര വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിലവില്‍ ഉണ്ടായിരുന്ന മദ്യനിരോധനവും എടുത്തുകളഞ്ഞിട്ടുണ്ട്്. സുഡാനില്‍ മൂന്ന് ശതമാനം പേര്‍ മുസ്ലീം ഇതര മതസ്ഥരാണ്. എന്നാല്‍ മുസ്ലീങ്ങള്‍ക്ക് ഈ വിലക്ക് നിലനില്‍ക്കും.

ചാട്ടവാറടി ശിക്ഷയും ഇനിമുതല്‍ ഉണ്ടാവില്ല.
എണ്‍പതുകളുടെ അവസാനത്തില്‍ അധികാരത്തിലേറിയ ഒമാര്‍ അല്‍ ബാഷിര്‍ 2019ല്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന അധികാരം നഷ്ടപ്പെട്ട് പുറത്തായതോടെയാണ് രാജ്യത്ത് നിരവധി നിയമപരിഷാക്കാരങ്ങള്‍ വരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ കൊണ്ടുവന്ന നിയമപരിഷ്‌ക്കാരങ്ങള്‍ ഇപ്പോഴാണ് പ്രബല്യത്തില്‍ വന്നത്.