സ്വര്‍ണക്കടത്ത് കേസ് സബ്മിഷന്‍ സ്പീക്കര്‍ തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി; ഒളിച്ചോട്ടമെന്ന് സതീശന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി ഡി സതീശന്റെ സബ് മിഷന്‍ സ്പീക്കര്‍ തള്ളി. മുഖ്യമന്ത്രിക്ക് ഭയമാണെന്നും സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. കോണ്‍സുലേറ്റിനെ കുറിച്ചുള്ള സബ് മിഷന്‍ നോട്ടീസ് സംസ്ഥാന സര്‍ക്കാറിന്റെ പരിധിയില്‍ വരുന്നില്ലെന്നായിരുന്നു ഭരണപക്ഷ വാദം. സബ്മിഷന് അവതരണാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രി പി.രാജീവ് ക്രമപ്രശ്‌നം ഉന്നയിച്ചു. യുഎഇ കോണ്‍സുലേറ്റ് കേരളത്തിന്റെ പ്രാഥമിക പരിഗണനയില്‍ വരാത്തതാണ് എന്ന സാങ്കേതിക പ്രശ്‌നം ഉള്ളതിനാല്‍ സബ്മിഷന്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരിക്കല്‍ അനുവദിച്ചാല്‍ അത്
കീഴ് വഴക്കമായി മാറുമെന്നും സ്പീക്കര്‍ എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. സബ് മിഷന്‍ തള്ളിയത് നിയമസഭയില്‍ പ്രതിഷേധത്തിനിടയാക്കി.

വിഷയം നേരത്തെ സഭയില്‍ അടിയന്തിരപ്രമേയമായി വന്നതാണെന്നും ഭരണപക്ഷം ഉന്നയിച്ചു. മറുപടി പറയാന്‍ പേടിയില്ലെന്ന പറഞ്ഞ നിയമമന്ത്രി തന്നെയാണ് ശക്തമായി ക്രമപ്രശ്‌നത്തില്‍ വാദിച്ചത്. വാദപ്രതിവാദങ്ങള്‍ക്കിടെ സ്പീക്കര്‍ ക്രമപ്രശ്‌നം അനുവദിച്ച് സബ് മിഷന്‍ നിരാകരിച്ചു, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സ്വര്‍ണ്ണക്കടത്തില്‍ സ്വപ്നയുടെ ആരോപണത്തിലെ അടിയന്തിരപ്രമേയ ചര്‍ച്ചയില്‍ സ്വര്‍ണ്ണം ആര്‍ക്ക് വേണ്ടി ആര് കൊണ്ടുവന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഇതടക്കം അന്വേഷിക്കാന്‍ സിബിഐക്ക് ശുപാര്‍ശ ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇന്നത്തെ വാദം.

നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തിരുവനന്തപുരത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും സ്വര്‍ണ്ണക്കടത്ത് വിവാദം നിയമസഭയിലേക്കെത്തിക്കാനുള്ള പ്രതിപക്ഷ നീക്കം.

Share news
error: Content is protected !!
Scroll to Top