തൃശ്ശൂര്‍- പൊന്നാനി കോള്‍ മേഖലയിലേക്ക് സബ്‌മേഴ്‌സിബിള്‍ പമ്പുകളെത്തി

തൃശ്ശൂര്‍ -പൊന്നാനി കോള്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസവും സഹായവുമായി സബ്‌മേഴ്‌സിബിള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിയാരംഭിച്ചു. കോള്‍ മേഖലയിലെ പാടങ്ങളിലേക്കുള്ള സബ്‌മേഴ്‌സിബിള്‍ പമ്പുകള്‍ തൃശ്ശൂരെത്തി. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 263 പമ്പുകളാണ് സ്ഥാപിക്കുന്നത്. ഇതില്‍ ആദ്യകണ്ടയ്‌നറില്‍ 10 എണ്ണമാണ് തൃശ്ശൂര്‍ അക്വാ പമ്പ് സര്‍വീസ് സെന്ററില്‍ എത്തിച്ചിട്ടുള്ളത്.
പമ്പുകള്‍ക്ക് പുറമെ അനുബന്ധ ഘടകങ്ങളും അടുത്ത ദിവസം തന്നെ വിതരണം ചെയ്യും. ഡെലിവറി പൈപ്പ്, പാനല്‍ ബോര്‍ഡ് എന്നിവ കൂടി എത്തുന്നതോടെ ഒരാഴ്ചയ്ക്കകം തന്നെ പമ്പുകള്‍ സ്ഥാപിക്കലും ട്രയല്‍ റണ്ണും ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി തൃശ്ശൂര്‍ കൃഷി അസി. എക്‌സി. എന്‍ജിനിയര്‍ സൂരജ് കണ്ണന്‍ പറഞ്ഞു.

അതത് പമ്പ് ഹൗസുകള്‍ക്ക് യോജിച്ച രീതിയില്‍ ഡ്യൂട്ടി പോയിന്റ് ഡിസൈന്‍ ചെയ്താണ് പമ്പുകള്‍ തയ്യാറാക്കിയത്. കേസിങ്ങില്‍ തന്നെയുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മെഷുകള്‍ക്ക് പുറമെ, പറക്കുഴിയില്‍ മരഭാ?ഗങ്ങളും ഒഴുകിയെത്തുന്ന വലിയ തോതിലുള്ള അന്യവസ്തുക്കളും ചവറുകളും അടിഞ്ഞുകൂടാതിരിക്കാന്‍ സ്റ്റീലിന്റെ സംരക്ഷണകവചമുണ്ട്.

വെള്ളപ്പൊക്കത്തെ അതിജീവിക്കാവുന്നവയാണ് പമ്പുകള്‍. കുറഞ്ഞ വൈദ്യുതിയില്‍ കൂടുതല്‍ വെള്ളം അടിച്ചുകയറ്റാനാകും. ഇപ്പോള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന 263 പമ്പുകളില്‍ 227 എണ്ണം തൃശ്ശൂര്‍ ജില്ലയിലെ കോള്‍ മേഖലയിലേക്കും 36 എണ്ണം മലപ്പുറം പൊന്നാനി മേഖലയിലുമാണ് സ്ഥാപിക്കുക.

പദ്ധതിയിലെ കനാലുകളുടെ നവീകരണം പമ്പ് ഹൗസുകളുടെ നിര്‍മ്മാണം എന്നിവ കെഎല്‍ഡിസി യുടെ നേതൃത്വത്തിലും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപനവും വൈദ്യുതി ലൈന്‍ വലിക്കലും മറ്റും കെഎസ്ഇബി യുടെ നേതൃത്വത്തിലും നടന്നുവരികയാണ്.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top