വിദ്യാര്‍ഥികള്‍ ലൈബ്രറി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം ;തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ

കോഴിക്കോട്: ലൈബ്രറി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ തയാറാവണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വായന ദിനാഘോഷത്തിന്റെയും വായന പക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം കാരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വായനയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ സാധിക്കണമെന്നും പത്രവായന ദിനചര്യയുടെ ഭാഗമാക്കണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ എഡിഎം പി സുരേഷ് അധ്യക്ഷത വഹിച്ചു. വായനാദിന പ്രതിജ്ഞ എഡിഎം ചൊല്ലിക്കൊടുത്തു. സാഹിത്യകാരന്‍ യു കെ കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്‌കെ പ്രോജക്ട് ഓഫീസര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം പി എന്‍ പണിക്കര്‍ അനുസ്മരണം പ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ ശിവദാസന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ പി സുരേന്ദ്രനാഥ്, എന്‍എസ്എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, പ്രിന്‍സിപ്പല്‍ കെ പി മനോജ്, പ്രധാനാധ്യാപിക എം ദീപാഞ്ജലി, സ്റ്റാഫ് സെക്രട്ടറി വി വി ദിനേശന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ. എം രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായന ദിനാഘോഷത്തിന്റെയും പക്ഷാചരണത്തിന്റെയും ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ വായനയുടെ മഹത്വം പ്രതിപാദിക്കുന്ന ക്വിസ്, പ്രസംഗം, ഉപന്യാസം, ചിത്രരചന, പെയിന്റിങ്, പദ്യ പാരായണം, കഥ-കഥനം മത്സരങ്ങള്‍, സെമിനാറുകള്‍, ശില്‍പശാലകള്‍, ലഹരി-മയക്കുമരുന്ന് വിരുദ്ധ പ്രചാരണ യോഗങ്ങള്‍, സമൂഹവായന പ്രചാരണം, ഡിജിറ്റല്‍ വായന പരിശീലനം, തെരുവ് നാടകം, നാടന്‍ കലകളുടെ അവതരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

Share news
error: Content is protected !!
Scroll to Top