വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർഥിനികൾ മാതൃകയായി


പരപ്പനങ്ങാടി : വഴിയിൽ നിന്നും വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർത്ഥിനികൾ മാതൃകയായി. ഒന്നേകാൽ പവനോളം തൂക്കം വരുന്ന കൈ ചെയിനാണ് വിദ്യാർഥിനികൾ ഉടമക്ക് തിരിച്ചു നൽകിയത്.

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ഡിഗ്രി മൂന്നാം വർഷ ചരിത്ര വിദ്യാർഥി ഫാത്തിമ അൻസിയ, എം.കോം പി.ജി വിദ്യാർഥി റാഷിദ, മൂന്നാം വർഷ സുവോളജി വിദ്യാർഥി ശബ്ന എന്നിവർക്കാണ് പരപ്പനങ്ങാടി റെയിൽവേ അടിപ്പാതക്ക് സമീപത്ത് നിന്നും സ്വർണാഭരണം കിട്ടിയത്. മൂന്ന് പേരും താനൂർ സ്വദേശിനികളാണ്.

പരപ്പനങ്ങാടി നമ്പുളം സൗത്തിലെ കോണിയത്ത് ജസീമിൻ്റെ ഭാര്യ ജസീനയുടെ സ്വർണമാണ് നഷ്ടമായത്. ജസീന ചുഴലിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച രാവിലെ എട്ടരക്കാണ് കളഞ്ഞുപോയത്. മൂന്ന് പേരും കോളജിലേക്ക് പോകുന്ന വഴിയാണ് സ്വർണം വീണു കിട്ടിയത്. അവർ പോകുന്ന സമയം തന്നെ പൊലിസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

പിന്നീട് സോഷ്യൽമീഡിയ വഴി വിവരം അറിഞ്ഞെത്തിയ ഉടമക്ക് ഇന്നലെ പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനിൽ വെച്ച് സ്വർണാഭരണം കൈമാറി. പൊലിസ് ഉദ്യോഗസ്ഥർ മറ്റു വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top