
കൊല്ലം: തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. എസ് സുജയെ ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഹൈസ്‌കൂള്‍ മാനേജരാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു.
സ്‌കൂളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ പ്രധാന അധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. സീനിയര്‍ അധ്യാപികയായ ജി മോളിക്ക് ആയിരിക്കും ഇനി എച്ച്എം ചുമതല ഉണ്ടായിരിക്കുക.
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നഷ്ടമായത് കേരളത്തിന്റെ മകനെയാണ്. അത് ഉള്‍ക്കൊണ്ടാണ് നടപടി സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
പ്രധാനാധ്യാപികയെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാനേജ്‌മെന്റ് നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയിലേക്ക് പോകും. സ്‌കൂള്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കും. മൂന്നു ദിവസത്തിനകം മറുപടി നല്‍കണം. സ്‌കൂള്‍ ചുമതലയുള്ള എ. ഇ. ഒയില്‍ നിന്ന് വിശദീകരണം തേടും. കുട്ടിയുടെ കുടുംബത്തിന് സഹായം ലഭ്യമാക്കുന്നത് മാനേജ്‌മെന്റ് പരിഗണിക്കണമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മുഖേന മിഥുന്റെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പ് വീട് വച്ചു നല്‍കും. മിഥുന്റെ സഹോദരന് പ്ലസ് ടു വരെ പരീക്ഷാ ഫീസ് ഉള്‍പ്പെടെ ഒഴിവാക്കി നല്‍കാന്‍ ഉത്തരവ് നല്‍കും. മിഥുന്റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ അടിയന്തര സഹായം നല്‍കും. മുഖ്യമന്ത്രിയുമായി ആലോചിച്ച് കൂടുതല്‍ സഹായം ലഭ്യമാക്കും. സ്‌കൂള്‍ പി. ടി. എ പുനസംഘടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തദ്ദേശവകുപ്പിന്റെ നിലപാട് പരിശോധിക്കണമെന്ന് വകുപ്പ് മന്ത്രിയെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച ചെയ്തു. സ്‌കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മെയ് 13ന് വിശദമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതില്‍ വൈദ്യുതി ലൈന്‍, വേലിയില്ലാത്ത ട്രാന്‍സ്‌ഫോര്‍മര്‍, പോസ്റ്റ്, സ്റ്റേവയര്‍ എന്നിവയുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദ്ദേശമുണ്ടായിരുന്നതായി മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




