
കൊച്ചി: എറണാകുളം ജില്ലയില്‍ ഉത്സവാഘോഷ പരിപാടികളോടനുബന്ധിച്ച് ആനയെഴുന്നള്ളിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായും ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കണ്‍വീനറുമായിട്ടുള്ള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങള്‍ യോഗത്തിലുണ്ടായി.
ഉത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പിനിടെ പാപ്പാന്മാര്‍ മദ്യപിക്കുന്ന സാഹചര്യങ്ങളും ആനകളുടെ മറവില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യങ്ങളും പരിശോധിക്കാന്‍ ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം എഴുന്നള്ളിപ്പുകളില്‍ ആനകള്‍ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം 1.50 മീറ്റര്‍ ആയിരിക്കണം. സ്ഥലപരിധിക്കനുസരിച്ച് അകലം കൂട്ടാവുന്നതാണ്.
ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ആനകളുടെ അടുത്ത് നിന്ന് ജനങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഏറ്റവും കുറഞ്ഞത് 3 മീറ്റര്‍ അകലം പാലിക്കണമെന്നും ഈ സ്ഥലം ബാരിക്കേഡ് പോലുള്ള വസ്തുക്കള്‍ കൊണ്ട് വേര്‍തിരിക്കണമെന്നും തീരുമാനിച്ചു. നാട്ടാന പരിപാലന മോണിറ്ററിംഗ് കമ്മിറ്റി തീരുമാന പ്രകാരം ആനകളുടെ തലപ്പൊക്ക മത്സരം നടത്തുവാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെറായി ഗൗരീശ്വര ക്ഷേത്രം, വൈപ്പിന്‍ മല്ലികാര്‍ജ്ജുന ക്ഷേത്രം, ചക്കുമരശ്ശേരി ശ്രീ കുമാരമംഗലം ക്ഷേത്രം എന്നീ ക്ഷേത്ര ഭാരവാഹികള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയ വിവരം യോഗം അംഗീകരിച്ചു. മത്സര സ്വഭാവത്തോടെ ചടങ്ങ് നടത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും എന്നും ക്ഷേത്രം ഭാരവാഹികളെ ബോധ്യപ്പെടുത്തി.
ഉത്സവ രജിസ്‌ട്രേഷന്‍ ഇല്ലാത്ത എടത്തല ഊരക്കാട് ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര അപേക്ഷയും, ആനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചെറായി ഗൗരീശ്വര ക്ഷേത്ര ഭാരവാഹികളുടെ അപേക്ഷകളും യോഗം നിരസിച്ചു. ആന എഴുന്നള്ളിപ്പിന് പരിശോധനയ്ക്ക് നിലവില്‍ ഫീസ് അടച്ച ക്ഷേത്രങ്ങളില്‍ 4 അംഗ വെറ്റിനറി ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കാറുണ്ട് എന്ന ചീഫ് വെറ്റിനറി ഓഫീസറുടെ മറുപടി യോഗം അംഗീകരിച്ചു.
നാട്ടാനകള്‍ ജില്ല മാറി പോകുന്ന വിവരവും, ഡേറ്റാ ബുക്കിലെ പേര് തന്നെ ആനകളുടെ ലോക്കറ്റുകളില്‍ വേണമെന്ന് വിവരവും ആന ഉടമസ്ഥരെ കത്ത് മുഖാന്തിരം അറിയിക്കും. എറണാകുളത്തപ്പന്‍ ശിവക്ഷേത്രത്തില്‍ കമ്മിറ്റി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി സ്ഥല പരിശോധന നടത്തുന്നതിനും യോഗം തീരുമാനിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




