അന്ധവിശ്വാസം പ്രചരിപ്പിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി;എം കെ സ്റ്റാലിന്‍

ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്ധവിശ്വാസം പ്രചരിപ്പിച്ചാല്‍ സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുനല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശാസ്ത്രത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ചിന്താശേഷി പ്രോത്സാഹിപ്പിക്കണമെന്നും മറിച്ച് മിത്തുകളും അശാസ്ത്രീയമായ കാര്യങ്ങളും പ്രോത്സാഹിപ്പിക്കരുതെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.

എല്ലാ കാര്യങ്ങളിലും ശാസ്ത്രീയമായ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്താനും, സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സ്ഥാപനങ്ങളോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൃത്യമായ ഒരു പദ്ധതി ഉണ്ടാക്കാനും സ്റ്റാലിന്‍ യൂണിവേഴ്‌സിറ്റി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉത്തരവ് ലംഘിച്ചാല്‍ സര്‍ക്കാരിന്റെ പ്രതികരണം ശക്തമായിരിക്കുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. ഉത്തരവ് നടപ്പിലാക്കാന്‍ സര്‍വകലാശാല മേധാവികള്‍ക്ക് സ്റ്റാലിന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. അന്ധവിശ്വാസങ്ങളില്‍ നിന്ന് ക്യാമ്പസുകളെ സംരക്ഷിക്കാന്‍ സര്‍വകലാശാല വി സിമാര്‍ പ്രത്യേകം പദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്.

മോഷ്ടിക്കാന്‍ കഴിയാത്ത ഒരേയൊരു സമ്പത്ത് വിദ്യാഭ്യാസം മാത്രമാണെന്നും പെട്ടന്ന് വിജയിക്കാം ജീവിതം സുരക്ഷിതമാക്കാം തുടങ്ങിയ വ്യാജ വാഗ്ദാനങ്ങളില്‍ പെട്ടുപോകരുതെന്നും സ്റ്റാലിന്‍ പറഞ്ഞു. കൂടാകെ ആഗോളതലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാനായി യുവാക്കള്‍ തയ്യാറാകണമെന്നും അതിനുള്ള താക്കോലാണ് വിദ്യാഭ്യാസമെന്നും സ്റ്റാലിന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top