Section

malabari-logo-mobile

കാശ്മീര്‍

HIGHLIGHTS : ഒരിക്കലും പൊറുക്കാത്ത പൊള്ളലുകള്‍ സമ്മാനിച്ച വേവല്‍ പുറത്ത് കാണിക്കാതെയാണ് വഖാര്‍ ഐസ്ആര്‍ ഓയിലെ യുവശാസ്ത്രജ്ഞരുമായി തന്റെ കാബിനില്‍ നടത്തിയ ചെറുമീ...

ഒരിക്കലും പൊറുക്കാത്ത പൊള്ളലുകള്‍ സമ്മാനിച്ച വേവല്‍ പുറത്ത് കാണിക്കാതെയാണ് വഖാര്‍ ഐസ്ആര്‍
ഓയിലെ യുവശാസ്ത്രജ്ഞരുമായി തന്റെ കാബിനില്‍ നടത്തിയ ചെറുമീറ്റിങ്ങ് അവസാനിപ്പിച്ചത്. ഇതിനിടയില്‍ തനിക്ക് വന്ന ഇന്‍കമിങ്കാള്‍ അറ്റന്റ് ചെയ്തപ്പോള്‍ അറിയാതെ സീറ്റില്‍ നിന്നും എഴുേന്നറ്റ് പോയിരുന്നു.
‘വഖാര്‍ കദ്രി അബൂബക്കര്‍?”
‘യെസ് സര്‍”
‘ഫ്രം കാശ്മീര്‍’
യെസ് സര്‍ കാശ്മീര്‍, വഖാറിന്റെ മുഖത്ത് ഭവ്യതയും ബഹുമാനവും പടര്‍ന്നിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു ആ ഫോണ്‍വിളി. ഇന്ത്യയുടെ രണ്ടാമത് ബഹിരാകാശ ടെലിസ്‌ക്കോപ്പ് വഖാറിന്റെ നേതൃത്വത്തില്‍ നാളെ ഭ്രമണപഥത്തിലേക്ക് സഞ്ചരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഫോണ്‍ മുഖേനെയുള്ള ആശംസകള്‍ തുടര്‍ന്നു.
‘അനേകം ചെറുപ്പക്കാരായ നക്ഷത്രങ്ങളെ കണ്ടെത്താന്‍ താങ്കള്‍ക്ക് കഴിയെട്ടെ, വിജയകരമാവട്ടെ ദൗത്യം’
‘താങ്ക്‌യു സര്‍”

സുരക്ഷാജീവനക്കാര്‍ അതിര്‍ത്തി വരച്ച ക്യാമ്പില്‍ നിന്നും വഖാര്‍ ഫോ ഓഫ് ചെയ്ത് പുറത്തിറങ്ങി.

sameeksha-malabarinews

‘ ഞാനിവിടെ വപ്പോള്‍ മുതല്‍ ചിലരുടെ നോട്ടമളന്നത് എന്റെ ജാതിയെയും ദേശത്തേയും’
ഇത്തരം ചിന്തകളും വഖാറിന്റെ നടത്തത്തോടൊപ്പം കൂടി. സ്വര്‍ഗ്ഗത്തിന്റെ കഷ്ണമായ കാശ്മീരിലായിരുന്നു ഞാന്‍ ജനിച്ചത്. ഇപ്പോഴത് അസ്വസ്ഥതകളുടെ പര്‍വ്വതങ്ങള്‍ നിറച്ച ദേശമായി.
അതായിരിക്കാം ചിലരുടെ നെറ്റികള്‍ ചുളിഞ്ഞുകൊണ്ടേയിരുന്നത്.

‘മലിനജലം കെട്ടിക്കിടക്കുന്ന തടാകത്തില്‍ നിഴലുകള്‍ ഉണ്ടാവില്ല’
എന്ന് മനസ്സില്‍ പറഞ്ഞ് ക്വാര്‍ട്ടേഴ്‌സിലേക്കുള്ള നടത്തത്തിന് വേഗം കൂട്ടി.
മുറിയുടെ വാതില്‍തുറന്ന് ചാരുകസേര വരാന്തയിലേക്ക് വലിച്ചുമാറ്റി ഒന്നു ചാഞ്ഞുകിടന്നു.

ചിലര്‍ രാജ്യസ്‌നേഹം പഠിപ്പിക്കുമ്പോള്‍ അതിനേക്കാളും ഉറക്കെ വിളിച്ചുപറയാന്‍ ചോരമണമുള്ള അനുഭവകഥ വിവരിക്കേണ്ടി വന്നിട്ടുണ്ട്.
വഖാര്‍ ഓര്‍മ്മകളിലേക്ക് ചാഞ്ഞു.

കാശ്മീരിലെ വരണ്ടബാല്യത്തിന്റെ ദിനങ്ങളിലേക്ക് ഓര്‍മ്മകള്‍ ഒഴുകി.
മുറ്റത്ത് വിടര്‍ന്ന് നിന്ന ലില്ലിപ്പൂക്കളെ നോക്കി ഞാന്‍
ഉപ്പ്ചായ ഊതിക്കുടിക്കുയായിരുന്നു.

” ചുപ് ചാപ് കതല്‍ കരേ കാ” മിണ്ടരുത് കൊന്നുകളയുമെന്ന് പറഞ്ഞ് നാലഞ്ച് പേര്‍ ഞങ്ങളുടെ വീട്ടിലേക്ക് ഓടിക്കയറി. ഞങ്ങളുടെ നിലവിളികള്‍ ചോര്‍ന്ന് പോയി. അവര്‍ക്ക് ഭക്ഷണമായിരുന്നു വേണ്ടത്. തോക്കിന്‍മുനയില്‍ നിന്ന് ഞങ്ങളുടെ മാ അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി. ഒന്നു രണ്ട് റൊട്ടികഷണങ്ങള്‍ ഞങ്ങളുടെ വിശപ്പിലേക്കും അവര്‍ വലിച്ചെറിഞ്ഞു. ഭക്ഷണം കഴിച്ചശേഷം ക്ഷീണം കൊണ്ടാവണം സിമിന്റ് തറയില്‍ പായവലിച്ചിട്ട് അവര്‍ തോക്ക് ശരീരത്തോട് ചേര്‍ത്ത്പിടിച്ച് ഉറങ്ങിപ്പോയത്. ഇതിനിടയിലാണ് മായുടെ അലറലും വെടിവെപ്പുമുണ്ടായത്.
‘ ആബാഹി വതന്‍കോ ധൂക്കാ ദേനെ വാലേ ദഹ്ശത് ഗര്‍ദ്”
ജന്‍മനാടിനെ ഒറ്റിക്കൊടുക്കുന്ന തീവ്രവാദികള്‍ എന്നുറക്കെ അലറി, സര്‍ക്കാര്‍ സുരക്ഷയ്ക്കുവേണ്ടി തന്ന തോക്ക് പെട്ടിയില്‍ നിന്ന് വലിച്ചെടുത്ത് മാ അവര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തു.

ഉമ്മയുടെ കൈകളപ്പോള്‍ വിറച്ചിട്ടുണ്ടായിരുന്നില്ല. അവരെല്ലാവരും കൊല്ലപ്പെട്ടു.
അവരുടെ ചോര എന്റെ കാലിനടിയിലൂടെ ആപ്പിള്‍ തോട്ടത്തിലേക്ക് ഒഴുകി. ആ രാജ്യസ്‌നേഹിയായ മായുടെ മകനെ രാജ്യസ്‌നേഹം പഠിപ്പിക്കുകയാണ്.

വഖാറിന്റെ മുഖത്ത് ഞരമ്പുകളപ്പോള്‍ എഴുന്നുനിന്നു. ഇങ്ങിനെ ഓര്‍മ്മകള്‍ പലതിലേക്കും പടരുതിനിടയിലാണ് കാറുമായി വൈശാഖ് എത്തിയത്. ഏറെ ആത്മബന്ധമുള്ള സുഹൃത്തായിരുന്നു വൈശാഖ്. വൈശാഖിന്റെ കൈകള്‍കവര്‍ന്ന് രണ്ടുപേരും സോഫയില്‍ ഇരുന്നു. ‘ വഖാര്‍ നീ വല്ലാതെ വിയര്‍ക്കുന്നുണ്ടല്ലോ?’.
മേലെനിന്ന് താഴേക്ക് പിരിഞ്ഞുപോകുന്ന വിയര്‍പ്പുകണങ്ങളെ ഒപ്പിയെടുക്കാന്‍ വഖാര്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
വീണ്ടുമത് ഒപ്പിയെടുത്ത ഭാഗത്തുകൂടെ ഒഴുകാന്‍ പൊടിയുന്നുമുണ്ടായിരുന്നു.

‘ എന്താടോ കേന്ദ്രത്തില്‍ നിന്ന് ആരെങ്ങിലും ചൊറിഞ്ഞോ?’

ഏയ് അങ്ങനൊന്നുമില്ല.

വഖാര്‍ ഞാന്‍ നിന്നോട് അടിയന്തിരമായ കാര്യമറിയിക്കാനാണ് വന്നത്, അവളെന്നെ വിളിച്ചിരുന്നു ഇന്നലെ.

ആര്?

അര്‍പ്പിത കൗള്‍

നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്നും, അവിളിപ്പോള്‍ കാശ്മീരിലെ ഗ്രാമത്തലവന്‍മാരുടെ നിരീക്ഷണത്തിലാണെന്നും പറഞ്ഞു.
ഇന്നലെ അവളെന്തെങ്ങിലും സൂചിപ്പിച്ചിരുന്നോ?

‘ഇല്ല’

വഖാറിന്റെ മുഖത്തപ്പോള്‍ വല്ലാത്ത ഒരു പരിഭ്രാന്തി നിഴലിച്ചു.
ഇന്നലെ അവളെന്നെ വിളിച്ചിരുന്നു. പതിവിലും ആര്‍ദ്രമായാണ് സംസാരിച്ചത്.
വിസ്മയനിര്‍ഭരമായ വാക്കുകള്‍ക്ക് ഇതുവരെ കേള്‍ക്കാത്ത ഈണത്തിന്റെ കേള്‍വിസുഖമുണ്ടായിരുന്നു.
അവള്‍ എന്നിലേക്ക് ഒഴുകുകയായിരുന്നു…
ഓര്‍മ്മകള്‍ ഭൂതവര്‍ത്തമാനങ്ങളില്‍ ആടിയുലഞ്ഞുകൊണ്ടേയിരുന്നു.

‘ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ നാട്ടിലെ ആപ്പിള്‍ മരങ്ങള്‍ക്കിടയിലൂടെ നടന്നുപോയ ബ്രാഹ്മണകുലത്തില്‍ പിറന്ന കാശ്മീരിപെണ്‍കുട്ടിക്ക് പ്രണയലേഖനം കൊടുത്തതും അവളത് കീറിക്കളഞ്ഞപ്പോള്‍ തന്റെ പേന വീട്ടിലെ ചുമരില്‍ ആഞ്ഞ് കുത്തിപ്പൊട്ടിച്ചതും വഖാര്‍ ഓര്‍മകളില്‍നിന്നും ഇറക്കി കൊണ്ടുവന്നു. ഞാന്‍ വീണ്ടുമെഴുതി അതുമവള്‍ കീറിക്കളഞ്ഞു. ഞാനെന്റെ പേന കുത്തിപ്പൊട്ടിച്ചുകൊണ്ടേയിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം അവളിതാ അവളുടെ ബ്രാഹ്മണകുലത്തെ ഭേദിച്ച് തീവ്രപ്രണയത്താല്‍ എന്നിലേക്ക് പടരുന്നു. അവള്‍ എന്നേയുംകൂട്ടി ആകാശത്തേക്ക് നടന്നു….
ഞാനവള്‍ക്ക് പ്രശ്‌സ്തമായ കാശ്മീരി ഷാള്‍കൊണ്ട് നക്ഷത്രങ്ങളെ വാരിക്കൊടുത്തു…
അവളിതാ ഞാന്‍ കേള്‍ക്കാത്ത ഗസലിന്റെ വരികള്‍ പാടുന്നു….
മഴയപ്പോള്‍ പെയ്തുകൊണ്ടേയിരുന്നു….
എന്റെ മധുരമുള്ള വരികള്‍ ചുണ്ടൊഴിഞ്ഞ് വഴിമാറിനടന്നു.
അവള്‍ വീണ്ടും പാടി….
‘ ബഹൂത് പ്യാര്‍ ഹെ മര്‍ണേ തക്’
സൗന്ദര്യങ്ങള്‍ തെറിച്ചുവീണ ഭൂമിയുടെ ആഴം എന്നിലേക്ക് വന്ന് കയറി.
ചുണ്ടുകളില്‍ ഞാനൊളിപ്പിച്ച ചുംബനമഴയുടെ പുതുതുള്ളി ഞാനവള്‍ക്ക് പകര്‍ന്നു.
ഇടയ്ക്കവള്‍ ചോദിച്ചു
എന്താണ് വഖാര്‍ പ്രണയത്തിന്റെ ഭാഷ…
നിന്റെ ഗന്ധമാണെന്നും,
നിന്റെ മുടിയിഴയില്‍ തൊട്ട എന്റെ വിരലാണെന്നും
നിന്റെ കവിള്‍ കുടിച്ച എന്റെ ചുണ്ടാണെന്നും
ജാതിയുടെയും മതത്തിന്റെയും പേരിലല്ലാതെ നക്ഷത്രങ്ങള്‍ എറിഞ്ഞുതന്ന ഊഞാലിലാടിക്കൊണ്ട് ഞാന്‍ പറഞ്ഞു.

അനുരാഗത്താല്‍ പടര്‍ന്ന ഓര്‍മ്മകള്‍ അസ്വസ്ഥതകളിലേക്ക് വഴിമാറിയപ്പോള്‍ വൈശാഖ് ആശ്വസിപ്പിച്ചു.
ഇന്നും നാളെയും നിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ദിവസമാണ്. വിശ്രമിക്കൂ.
നമുക്ക് വേണ്ടത് ചെയ്യാം.
അത്തെ രാത്രിയെ ഉറക്കാന്‍ വഖാറിന് കഴിഞ്ഞില്ല. അതിരാവിലെ തന്റെ കാഴ്ചയുടെയും കേള്‍വിയു
ടെയും ചിന്തയുടെയും അകലം ഒരാള്‍ക്കും നിര്‍ണ്ണയിക്കാനാവില്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വഖാര്‍ കര്‍മ്മനിരതനായി.

ബഹിരാകാശരംഗത്ത് ഇന്ത്യയുടെ വിപ്ലവകരമായ നേട്ടം കൈവരിക്കുന്ന ഉപഗ്രഹം ലോകത്തിലേതന്നെ ഏറ്റവും വലിയ മതേതരരാജ്യമായ ഇന്ത്യക്ക് മുകളിലൂടെ വഖാര്‍ കദ്രി അബൂബക്കര്‍ എന്ന യുവശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ വിക്ഷേപിച്ചു.

ഭുമിയില്‍ നിന്നും കിലോമീറ്ററുകള്‍ അപ്പുറത്തേക്ക് നക്ഷത്രജനനം വരെ നിരീക്ഷിക്കാന്‍ പ്രാപ്തമായ ഉപകരണങ്ങള്‍ നിറച്ച് അവ സഞ്ചരിച്ചുകൊണ്ടേയിരുന്നു….
താഴ്‌വരയിലപ്പോള്‍ അര്‍പ്പിത കൗളിന്റെ രക്തമൊഴുകുന്നുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!