കമ്മാരസംഭവത്തിലൂടെ ഒളിച്ചുകടത്തുന്നതെന്ത്?

നീനു

ഒരു കത്ത് കിട്ടിയതിന്റെ ക്ഷീണം മാറിയിട്ടില്ല,..കത്ത് എന്ന വാക്ക് തെറിയൊന്നുമല്ലലോ. നല്ല വാക്കല്ലേ…ക്ഷീണം- അതില്‍ കുഴപ്പമേതുമില്ല.അശോകന് ക്ഷീണമാവാം. എന്നാല്‍ കത്ത് കിട്ടിയതിന്റെ ക്ഷീണം മാറിയിട്ടില്ലെന്നത് ഒരു തമാശയ്ക്കായി  ദിലീപിന്റെ സിനിമയില്‍ പ്രയോഗിക്കപ്പെടുമ്പോള്‍ കഥയും തിരക്കഥയും ഒരു സെക്കന്റ് നേരത്തേക്ക് വഴിമാറി. പ്രത്യേകിച്ച് ദിലീപ് തന്നെയാണ് ഡയലോഗ് ഡെലിവറി നടത്തുന്നതെങ്കില്‍ അര്‍ത്ഥം
ഈ പറഞ്ഞതൊന്നുമല്ല. അതിന് നിരവധി വ്യാഖ്യാനങ്ങളുണ്ടെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

ദിലീപിന്റെ അഭ്യുദയ കാംക്ഷികളെയും അന്ധരായ ചില ആരാധകരെയും ഒരുപക്ഷെ ഇത്തരത്തിലുള്ള നീചമായ തമാശകള്‍ തൃപ്തിപ്പെടുത്തിയേക്കാം. പക്ഷെ കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് യുവ നടി അനുഭവിച്ച യാതനകള്‍ ഓര്‍ക്കുന്നിടത്തോളം കാലം ഇത്തരം തമാശകള്‍ മലയാളീ പൊതുബോധം മാറ്റിനിര്‍ത്തുക തന്നെ ചെയ്യും . അത് തമാശയുടെ നിര്‍മ്മാതാക്കള്‍ ഓര്‍ത്തിരുന്നാല്‍ നന്ന്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപ് സിനിമകള്‍ കാണില്ലെന്ന് പ്രതിജ്ഞയെടുത്ത ഒരുപാട് പേരുടെ മലയാളീ സാംസ്‌കാരിക പൊതുമണ്ഡലത്തില്‍. അതിവൈകാരികതയായും കുറ്റമാരോപിക്കപ്പെട്ട നടന്റെ പേരില്‍ അദ്ദേഹത്തിന്റെ മുഴുവന്‍ സിനിമകളെ മാറ്റിനര്‍ത്തുന്നത് ശരിയല്ലെന്നുമുള്ള എതിര്‍വാദങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ നടന്റെ സിനിമകള്‍ കാണില്ലെന്ന് പ്രതജ്ഞയെടുത്ത ആ അനേകരുടെ തീരുമാനം എത്രമാത്രം ശരിയായിരുന്നുവെന്നാണ് കമ്മാരസംഭവം സിനിമയുടെ പോസ്റ്ററിലൂടെയും സിനിമയിലെ ചീഞ്ഞ തമാശയിലൂടെയും വെളിവാക്കുന്നത്.

രാമലീല സിനിമയിറങ്ങിയപ്പോള്‍ സിനിമ ബഹിഷ്‌കരിച്ച ഒരുപാടുപേരുണ്ടായിരുന്നു കേരളത്തില്‍. ദിലീപിനോടുള്ള വിദ്വേഷത്തിന്റെ പേരില്‍ സിനിമയെ എന്തിന് ബഹിഷ്‌കരിക്കുന്നു എന്ന ലളിത സുന്ദര ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. നവാഗത സംവിധായകന്റെ ഭാവിയെന്തിന് തകര്‍ക്കുന്നുവെന്നും സിനിമയ്ക്കായി ജീവിതം സമര്‍പ്പിച്ചവരുടെ അധ്വാനത്തിനെ എന്തിന് വിലകുറയ്ക്കുന്നു, തുടങ്ങിയ അഭിപ്രായങ്ങളായിരുന്നു അന്ന് ചില കോണുകളില്‍ നിന്ന് ഉരുത്തിരിഞ്ഞത്. എന്നാല്‍ സിനിമ ഇറങ്ങി അധികനാള്‍ കഴിയും മുമ്പെ സിനിമ വിജയിച്ചെന്നും സിനിമയുടെ വിജയം ജനകീയ കോടതിയിലെ വിജയമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ സധൈര്യം നടത്താന്‍ സിനിമാമേഖലയില്‍ നിന്ന്  പലരും മുന്നിട്ടു വന്നു.

രാമലീലയുടെ വിജയം കുറ്റാരോപിതനായ ദിലീപിനൊപ്പമാണ് ജനം എന്ന രീതിയില്‍ ചിലര്‍ വരുത്തി തീര്‍ക്കുമെന്ന ദീര്‍ഘവീക്ഷണുണ്ടായിരുന്നവരാണ് ആ സിനിമ കാണില്ലെന്ന് തീരുമാനമെടുത്ത പ്രബുദ്ധര്‍. എന്നാല്‍ കമ്മാരസംഭവം എന്ന സിനിമയിലേക്ക് കടക്കുമ്പോള്‍
ഇദ്ദേഹത്തിന്റെ അണിയറയിലെ പ്ലാനിങ്ങിന് അല്‍പം കൃത്യതയും ദിശാബോധവും വന്നിരിക്കുന്നു. ഒരു തരം സ്ലോ പോയിസണിങ് സ്വഭാവം. പുറത്തിറങ്ങാനുള്ള സിനിമകളിലൂടെയെല്ലാം താന്‍ കുറ്റക്കാരനല്ലെന്ന് വരുത്തി തീര്‍ക്കുന്ന കഥാ സന്ദര്‍ഭങ്ങളോ തമാശകളോ അല്ലെങ്കില്‍ സിനിമാ ക്യാപ്ഷനോ പ്രയോഗിക്കുന്ന രീതി. അങ്ങനെ പ്രേക്ഷകര്‍ അവര്‍ പോലുമറിയാതെ തന്നെ
വെള്ളപൂശുന്ന അവസ്ഥയിലേക്കെത്തിക്കുന്ന ഒരു മനശ്ശാസ്ത്രപരമായ സമീപനം. ഈ സമീപനത്തിലൂടെ കുറ്റാരോപിതനായ ഒരു വ്യക്തിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വരുത്തുക എന്ന തന്ത്രമാണ് മലയാള സിനിമ മേഖലയുടെ അണിയറയില്‍ രൂപപ്പെടുന്നത്. കൂടുതല്‍ സിനിമകളെടുത്ത കൂടുതല്‍ കരുത്തനായി കൂടുതല്‍ പേരെ തനിക്കൊപ്പമാക്കാമെന്ന വ്യര്‍ഥ മോഹം.

ദിലീപ് അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പെടുത്ത സിനിമയാണ് രാമലീല എന്ന ന്യായമായിരുന്നു ആ സിനിമാ ബഹിഷ്‌കരണ തീരുമാനത്തെ പ്രതിരോധിക്കാന്‍ ഇറങ്ങിയ ന്യായവാദങ്ങള്‍. പക്ഷെ കുറ്റാരോപിതനായിരിക്കെ , അതും നീച കുറ്റകൃത്യത്തില്‍ കുറ്റാരോപിതനായിരിക്കെ വീണ്ടും സിനിമയില്‍ അഭിനയിക്കാനും ആ സിനിമയ്ക്ക് മുതല്‍മുടക്കാനും നിരവധി പേര്‍ മലയാള സിനിമയില്‍ നിന്ന് രംഗത്ത് വന്നു.

ഇവിടെ സിനിമയെടുത്തതും സിനിമയില്‍ അഭിനയിച്ചതും അല്ല ഗുരുതര പ്രശ്നം.വിഷയം ഇത്തരം ദിലീപ് സിനിമകളുടെ സ്ഥാനത്തും അസ്ഥാനത്തും ദിലീപ് എന്ന കുറ്റാരോപിതനെ വെള്ളപൂശാന്‍ ഉപയോഗിക്കുന്ന സിനിമാ ടെക്നിക്കുകളാണ്.

അങ്ങനെയൊരു അബദ്ധം ദിലീപ് ചെയ്യുമെന്ന് തോന്നുന്നില്ല എന്ന നടന്‍  ശ്രീനിവാസന്റെ പ്രസ്താവന ഏല്‍പിച്ച മുറിവുണങ്ങിയിട്ടില്ല. ആ പ്രസ്താവനയോട് കിടപിടിക്കുന്നതാണ് കമ്മാരസംഭവത്തില്‍ ദിലീപിന്റെ കഥാപാത്രം നടത്തിയ ‘കത്തിന്റെ ക്ഷീണ’മെന്ന പ്രയോഗം എന്നതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടാവിനടയുണ്ടോ. നടിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത പള്‍സര്‍ സുനി ദിലീപനയച്ച കത്ത് കേസിലുണ്ടാക്കിയ വഴിത്തിരിവ് യാഥാര്‍ഥ്യമായിരിക്കെ
, ആ തെളിവിനെ, ആ തൊണ്ടിമുതലിനെ പരിഹസിച്ചു കൊണ്ട് തനന്റെ പുതിയ സിനിമയിലൂടെ തന്നെ കരുക്കള്‍ നീക്കിയിരിക്കുകയാണ് ദിലീപ്. ഈ ജാമ്യ വ്യവസ്ഥകളുടെ പരിധി
യില്‍ ഇതും വരുമോ ഇല്ലയോ  എന്നത് കോടതി തീരുമാനിക്കട്ടെ.

നടിയെ ആക്രമിച്ച കേസിലും പ്രതിയായ ദിലീപിനെതിരേ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയത്. അത് കേരളം നിരവധിയാവര്‍ത്തി ചര്‍ച്ച ചെയ്തതുമാണ്. സ്ഥിതിഗതികള്‍ അത്തരത്തില്‍ മുന്നോട്ടു പോവുമ്പോഴാണ് കുറ്റമാരോപിക്കപ്പെട്ടയാള്‍ മാസ്സ് സിനിമകളില്‍ അഭിനയിക്കുന്നത്. അതും നായക റോളില്‍.

ഇനിപറയാനുള്ളത് കമ്മാരസംഭവം സിനിമയുടെ ക്യാപ്ഷനെകുറിച്ചാണ്. പല പ്രമുഖ പത്രങ്ങളുടെയും ഒന്നാം പേജില്‍ വന്ന കമ്മാരസംഭവത്തിന്റെ ഫുള്‍ പേജ് പരസ്യം ഒട്ടും നിഷ്‌കളങ്കമല്ലെന്നത് ഇവിടെ ചേര്‍ത്ത് പറയേണ്ടതുണ്ട്.

ചരിത്രം ‘ചതിത്ര’മാവുമ്പോള്‍ ‘ചതിത്രം’ ചരിത്രമാവുന്നു എന്നതാണ് സിനിമയുടെ സ്ലോഗന്‍. അത് സിനിമയുമായി ചേര്‍ന്നു നില്‍ക്കുന്നതാവാം. എന്നാല്‍ പോസ്റ്റിലെ തന്റെ ഫുള്‍ ഇമേജിനൊപ്പം ഈ സ്ലോഗന്‍ ഉപയോഗിച്ചത് അത്ര നിഷ്ളങ്കമായി കാണാനാവുന്നതല്ല. കൃത്യമായും നടി ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തി സ്വയം വിശുദ്ധനാവാനുള്ള ദിലീപിന്റെ ശ്രമമായി ബോധമുള്ള ചിലരെങ്കിലും അതിനെ വായിച്ചെടുത്താല്‍ തെറ്റു പറയാന്‍ കഴിയുമോ?

Related Articles