പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച അന്വേഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. സംസ്ഥാനങ്ങള്‍ പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കില്‍ ഇതിന്റെ വിശദ വിവരങ്ങള്‍ അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. വാങ്ങിയിട്ടുണ്ടെങ്കില്‍ തീയതി, ലൈസന്‍സ്, തരം എന്നിവ വെളിപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു
സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടേതാണ് നിര്‍ദ്ദേശം. വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സമിതി സംസ്ഥാന പൊലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കി.
ഇന്റലിജന്‍സ് ഏജന്‍സികളോ, മറ്റ് ഏതേങ്കിലും ഏജന്‍സികളോ പൗരന്മാരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കണം. പെഗാസസ് സോഫ്റ്റ്‌വെയര്‍ സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ വാങ്ങിയിട്ടുണ്ടെങ്കില്‍ എന്നാണ് വാങ്ങിയതെന്ന് അറിയിക്കണം. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആര് അനുമതി നല്‍കിയെന്ന് അറിയിക്കാനും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.




