
കലോത്സവം തിരുവനന്തപുരത്ത് , ശാസ്‌ത്രോത്സവം ആലപ്പുഴയില്‍
സംസ്ഥാന സ്‌കൂള്‍ കായികമേള നവംബര്‍ 4 മുതല്‍ 11 വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളില്‍ രാവും പകലുമായി സംഘടിപ്പിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്സ് മാതൃകയിലാണ് മേള ചിട്ടപ്പെടുത്തുന്നത്. ഇരുപത്തിനാലായിരം കായിക പ്രതിഭകള്‍ പങ്കെടുക്കുന്ന കായികമേള ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ കായിക താരങ്ങള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകുമെന്നാണ് പ്രതീക്ഷയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ഉള്‍പ്പെടെ 39 കായിക ഇനങ്ങളില്‍ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്. നവംബര്‍ 4 ന് വൈകുന്നേരം 5.00 മണി മുതല്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ചടങ്ങുകളോടെ മത്സരങ്ങള്‍ ആരംഭിക്കും. സമാപനം നവംബര്‍ 11 ന് വൈകുന്നേരം 4.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കും. എമിറേറ്റ്സില്‍ കേരള സിലബസ്സില്‍ പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ കൂടി കായിക മേളയില്‍ പങ്കെടുക്കാനുള്ള അവസരം ആദ്യമായി ഒരുക്കുന്നുണ്ട്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും. ജനുവരി 4 ന് രാവിലെ 10.00 മണിക്ക് മുഖ്യമന്ത്രി കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങള്‍ കൂടി മത്സര ഇനമായി കലോത്സവത്തില്‍ അരങ്ങേറും.
ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് കലോത്സവത്തില്‍ മത്സര ഇനമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 249 ഇനങ്ങളിലായി 15000 ത്തോളം കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും.
ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 2024 നവംബര്‍ 15 മുതല്‍ 18 വരെയുള്ള തീയതികളിലായി ആലപ്പുഴയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലങ്ങളിലെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. വിഭാഗങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം സംഘടനാ പാടവം കൊണ്ടും മത്സരയിനങ്ങളുടെ വൈവിധ്യം കൊണ്ടും അദ്ധ്യാപക വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ തന്നെ ബൃഹത്തായ ശാസ്ത്രമേളയാകും. 4 ദിവസങ്ങളിലായാണ് ശാസ്‌ത്രോത്സവം പൂര്‍ത്തിയാക്കുന്നത്. ആദ്യ ദിവസത്തില്‍ രജിസ്‌ട്രേഷനും 1,2,3 തീയതികളില്‍ മത്സരങ്ങളും, പ്രദര്‍ശനവും നടക്കുന്നു. ഏകദേശം 10,000-ത്തോളം മത്സരാര്‍ത്ഥികള്‍ ഈ മേളയില്‍ മാറ്റുരയ്ക്കുന്നുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, കാലഘട്ടത്തിന്റെ അനിവാര്യതയായ ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളില്‍ ആണ് മത്സരം നടക്കുന്നത്. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി വൊക്കേഷണല്‍ എക്‌സ്‌പോയും കരിയര്‍ഫെസ്റ്റും നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



