Section

malabari-logo-mobile

സംസ്ഥാന തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ കര്‍മ്മ പദ്ധതി പരിഗണനയില്‍: മന്ത്രി വി. ശിവന്‍കുട്ടി

HIGHLIGHTS : State Occupational Health and Safety Action Plan under consideration: Minister V. Shivankutty

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായി ചേര്‍ന്ന് സംസ്ഥാന തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത് പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വകുപ്പിന്റെ സേഫ്റ്റി അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ചെറുകിട -ഇടത്തരം മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ അപകടങ്ങളില്‍ നിന്നും തൊഴില്‍ജന്യ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി വൈസ് (WISE) എന്ന പദ്ധതി അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായി ചേര്‍ന്ന് നടപ്പാക്കാനും വകുപ്പ് ആലോചിക്കുന്നുണ്ട്.
2030 ഓടെ തൊഴിലിടങ്ങളില്‍ അപകടങ്ങളും തൊഴില്‍ജന്യരോഗങ്ങളും ഇല്ലാതാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം. കൂടാതെ 2010-ലെ ദേശീയ നയത്തിന്റെ വിവിധ ലക്ഷ്യങ്ങളില്‍ മുഖ്യലക്ഷ്യം വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുകയാണ്.

ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ള ‘വിഷന്‍ സീറോ ആക്‌സിഡന്റ്സ്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാ രാജ്യങ്ങളും അതിനാവശ്യമായ തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ നടപടികള്‍ സ്വീകരിക്കേണ്ടതായി വരുന്നുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ സംസ്ഥാനത്ത് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് എല്ലാ വര്‍ഷവും ദേശീയ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് സുരക്ഷിതത്വത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന വ്യവസായശാലകള്‍ക്കും ജീവനക്കാര്‍ക്കും വിവിധ കാറ്റഗറികളിലായി സേഫ്റ്റി അവാര്‍ഡുകള്‍ നല്‍കുന്നത്.

sameeksha-malabarinews

ഓരോ വ്യവസായ ശാലയും പ്രവര്‍ത്തിക്കുന്ന സാഹചര്യവും വ്യവസായ അന്തരീക്ഷവും വ്യത്യസ്തമാണ്. അപകടരഹിതമായി പ്രവര്‍ത്തിക്കാന്‍ ധാരാളം അധ്വാനവും പ്രത്യേക ശ്രദ്ധയും ഓരോ ഫാക്ടറിയിലും ഉണ്ടാകേണ്ടതുണ്ട്. അതിനു പ്രോത്സാഹനം നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ചെറുതും വലുതുമായി 29,459-ല്‍ അധികം ഫാക്ടറികള്‍, ഫാക്ടറി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ നിര്‍മ്മാണ പ്രക്രിയകള്‍ ഉള്ളതും അത്യധികം അപകട സാധ്യതയുള്ളതുമായ ഫാക്ടറികളും ഇക്കൂട്ടത്തിലുണ്ട്. എണ്ണത്തില്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്ന ഫാക്ടറികള്‍ അവാര്‍ഡിനായി പരിഗണിക്കുമ്പോള്‍ ഒരേ മാനദണ്ഡം ഉപയോഗിക്കുന്നത് നീതിയുക്തമല്ല. അതിനാല്‍ അവാര്‍ഡിന് പരിഗണിക്കുന്നതിനായി ജോലിക്കാരുടെ എണ്ണം അനുസരിച്ച് ഫാക്ടറികളെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിരിച്ചാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.
2020 ലെ സുരക്ഷാമികവിന്റെ അടിസ്ഥാനത്തില്‍ 27 ഫാക്ടറികളാണ് അവാര്‍ഡിന് അര്‍ഹരായത്. ഓരോ മേഖലയിലും അപകടരഹിതമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച ഫാക്ടറികള്‍ക്കാണ് സുരക്ഷാ അവാര്‍ഡ് നല്‍കിവരുന്നത്. ഇതിലൂടെ വന്‍കിട ഫാക്ടറികളും ചെറുകിട ഫാക്ടറികളും വ്യത്യസ്ത നിര്‍മ്മാണ പ്രക്രിയയില്‍ ഉള്‍പ്പെടുന്ന ഫാക്ടറികളും അവാര്‍ഡിന്റെ പരിധിയില്‍ വരുന്നു.
സുരക്ഷാബോധവത്കരണ മികവിന്റെ അടിസ്ഥാനത്തില്‍ സേഫ്റ്റി കമ്മിറ്റി, സേഫ്റ്റി ഓഫീസര്‍, വെല്‍ഫെയര്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, സേഫ്റ്റി വര്‍ക്കര്‍, ഗസ്റ്റ് വര്‍ക്കര്‍ എന്നീ വ്യക്തിഗത കാറ്റഗറിയിലും അവാര്‍ഡ് നല്‍കുന്നുണ്ട്. അവാര്‍ഡുകള്‍ ഗതാഗത മന്ത്രി ആന്റണി രാജു, മുന്‍ എംപിയും ദേശീയ സുരക്ഷാ കൗണ്‍സില്‍ കേരളഘടകം വൈസ് ചെയര്‍മാനുമായ കെ ചന്ദ്രന്‍പിള്ള തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്തു.
സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായശാലകളിലും വാണിജ്യസ്ഥാപനങ്ങളിലും ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വ്യവസായശാലകളിലെ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ വിലയിരുത്തി പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡന്‍, സില്‍വര്‍, ബ്രോണ്‍സ് എന്നീ കാറ്റഗറികളിലായി ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതല ഗ്രേഡിംഗ് സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!