പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കി: മുഖ്യമന്ത്രി

പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരികെയെത്തിയ പ്രവാസികള്‍ക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എന്‍ഡിപ്രേം വഴി 6,600 ല്‍ അധികം സംരംഭങ്ങള്‍ ഇതിനോടകം വിജയകരമായി ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള പുനരധിവാസ പദ്ധതികള്‍ക്കു പുറമെ കോവിഡ് സമയത്ത് തൊഴില്‍ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികള്‍ക്കായി ‘പ്രവാസി ഭദ്രത’ എന്ന പുനരധിവാസ പദ്ധതി ആരംഭിച്ചു. അതിന്റെ ഭാഗമായി കുടുംബശ്രീ വഴിയും ബാങ്കുകള്‍ വഴിയും സബ്സിഡി വായ്പകള്‍ നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 14,166 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തില്‍ അഞ്ചിരട്ടി വര്‍ദ്ധനയാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പുനരധിവാസ പദ്ധതികള്‍ പോലെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് നോര്‍ക്കയുടെ സമാശ്വാസ പദ്ധതികള്‍. ശാരീരികവും സാമ്പത്തികവുമായ അവശതകള്‍ നേരിടുന്ന, തിരികെയെത്തിയ 24,600 ല്‍പ്പരം പ്രവാസികള്‍ക്കായി കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 151 കോടി രൂപയാണ് ചിലവഴിച്ചത്.

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും ഇതര ക്ഷേമ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്താന്‍ നടത്തുന്ന ഇടപെടലുകള്‍. നോര്‍ക്ക റൂട്ട്സിന്റെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്മെന്റ് വിഭാഗം നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാര്‍ഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കുടിയേറ്റം നടത്താന്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നുണ്ട്. പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങളായ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാറി യൂറോപ്പില്‍ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്താന്‍ നോര്‍ക്ക റൂട്ട്സിനു സാധിക്കുന്നുണ്ട്. അന്തര്‍ദേശീയ തലത്തില്‍ വളര്‍ന്നുവരുന്ന വിദേശ തൊഴില്‍ മേഖലകളും അവയിലെ കുടിയേറ്റത്തിന്റെ സാധ്യതകളും തിരിച്ചറിയുന്ന പഠനം നടത്തുന്നതിനുള്ള നടപടികള്‍ കോഴിക്കോട് ഐ ഐ എമ്മുമായി സഹകരിച്ച് കൈക്കൊണ്ടിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട കൃത്യമായ നയരൂപീകരണത്തിന് ആധികാരികമായ ഡേറ്റ ആവശ്യമാണ്. അത്തരത്തില്‍ വിശ്വസനീയമായ ഡേറ്റ ലഭ്യമാക്കുന്നതിനായി ഈ വര്‍ഷം തന്നെ കേരള മൈഗ്രേഷന്‍ സര്‍വേയുടെ പുതിയ റൗണ്ട് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികള്‍ക്കുവേണ്ട വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ ഇതുപകരിക്കും.

നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും തമ്മില്‍ ജര്‍മ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ട്രിപ്പിള്‍ വിന്‍ കരാര്‍ 2022 ഡിസംബര്‍ മാസം രണ്ടാം തീയതി ഒപ്പു വെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ആദ്യ ഘട്ടത്തില്‍ 200 ഓളം നേഴ്സുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. അവര്‍ക്ക് ആവശ്യമായ ഭാഷാ പരിശീലനം നല്‍കിവരികയാണ്. മറ്റ് തൊഴില്‍ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ വേണ്ട തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. 2023 ഒക്ടോബറില്‍ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലേയ്ക്കുള്ള റിക്രൂട്ട്മെന്റ് ആരംഭിക്കും.

നോര്‍ക്ക റൂട്ട്സും യു കെയില്‍ എന്‍ എച്ച് എസ് പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പുകളില്‍ ഒന്നായ ഹമ്പര്‍ ആന്‍ഡ് യോര്‍ക്ഷയറും യു കെയിലെ മാനസികാരോഗ്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും ചേര്‍ന്ന് 2022 ഒക്ടോബര്‍ മാസം ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ മാസം 21 മുതല്‍ 25 വരെ കൊച്ചിയില്‍ ഒരാഴ്ച നീണ്ടുനിന്ന വിപുലമായ യു കെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. അതില്‍നിന്നും വിവിധ തസ്തികകളിലായി 600 ല്‍ അധികം ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ 21 പേര്‍ക്ക് വിസ ലഭിച്ചിട്ടുണ്ട്. മുപ്പതോളം പേര്‍ വിസയുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികളിലാണ്.

കാനഡയിലെ ഗവണ്‍മെന്റ് ഓഫ് ന്യൂഫൗണ്ട്ലാന്‍ഡ് ആന്‍ഡ് ലാബ്രഡര്‍, നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ ആരോഗ്യം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, അക്കൗണ്ടിംഗ് മേഖലകളില്‍ ഫിന്‍ലന്‍ഡിലേക്കും തിരെഞ്ഞെടുത്ത 14 തൊഴില്‍ മേഖലകളില്‍ ജപ്പാനിലേക്കും കേരളത്തില്‍ നിന്ന് റിക്രൂട്ട്മെന്റ് നടത്താനുള്ള സാധ്യതകള്‍ സജീവമായി പരിശോധിച്ചു വരികയാണ്.

ഇത്തരം റിക്രൂട്ട്മെന്റ് പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനായി 2023 മാര്‍ച്ചില്‍ വിവിധ വിദേശ ഭാഷകളില്‍ പരിശീലനം നല്‍കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബി പി എല്‍ വിഭാഗത്തിനും എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കും പഠനം സൗജന്യമായിരിക്കും. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് 75 ശതമാനം ഫീസ് ഇളവില്‍ പരിശീലനം സാധ്യമാകും. തൊഴില്‍ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയുന്ന ഒരു മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ കേന്ദ്രമായി ഈ പഠന കേന്ദ്രത്തെ പരിവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

വിദേശത്തേക്ക് ജോലിക്കായി നിയമവിരുദ്ധ റിക്രൂട്ട്മെന്റുകള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേരള പോലീസും സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സും സംയുക്തമായി ഓപ്പറേഷന്‍ ശുഭയാത്ര എന്ന പേരില്‍ ഇതിനെതിരെ ഒരു നടപടി കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ നമ്പരും ഇമെയില്‍ ഐഡികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2020 ലെ കേരള മൈഗ്രേഷന്‍ സ്റ്റഡീസിന്റെ കണക്കുകള്‍ പ്രകാരം ഏതാണ്ട് 21 ലക്ഷത്തോളം മലയാളികളാണ് പ്രവാസജീവിതം നയിക്കുന്നത്. അനൗദ്യോഗികമായി 35 മുതല്‍ 40 ലക്ഷം പേര്‍ വരെയെങ്കിലും പ്രവാസികളായുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അതിന്റെ ഏറിയ പങ്കും ഗള്‍ഫ് രാജ്യങ്ങളിലാണ് ഉള്ളത്, ഏകദേശം 28-30 ലക്ഷം പേര്‍. ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം മലയാളി പ്രവാസികളുള്ള പ്രദേശമാണ് വടക്കേ അമേരിക്കന്‍ ഭൂഖണ്ഡം. കേരളത്തില്‍ നിന്നുള്ള ഏകദേശം 8 ലക്ഷത്തോളം പേരാണ് അമേരിക്കയിലും കാനഡയിലുമായി ഉള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്. അടിയന്തര ഘട്ടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികളെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ മിഷനുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് അപകടം നിറഞ്ഞ ഇടങ്ങളില്‍ നിന്ന് മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നത്. യുക്രെയിന്‍, ലിബിയ, ഇറാഖ്, അഫ്ഘാനിസ്ഥാന്‍, സുഡാന്‍, എന്നീ രാജ്യങ്ങളില്‍ നിന്നും ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ നിന്നും മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു. അതിലൊക്കെ പ്രവാസികളും പ്രവാസി സംഘടനകളും നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. അവരെ എല്ലാവരെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം ലോക കേരളസഭയില്‍ ഉയര്‍ന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന് പ്രവാസികളുടെ വിവരശേഖരണത്തിനായി ഒരു ഡിജിറ്റല്‍ ഡേറ്റ പ്ലാറ്റ്ഫോം രൂപീകരിക്കുക എന്നതായിരുന്നു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നോര്‍ക്ക റൂട്സ് നിര്‍മ്മിക്കുന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. മൂന്നാം ലോക കേരളസഭയില്‍ ഉയര്‍ന്നുവന്ന പ്രവാസികള്‍ക്കായുള്ള സമഗ്ര ഇന്‍ഷുറന്‍സ് സംവിധാനമൊരുക്കലും അതിന്റെ അവസാനഘട്ടത്തിലാണ്. ഇത്തരത്തില്‍ പ്രവാസികള്‍ സമര്‍പ്പിച്ച മൂര്‍ത്തമായ എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുകയാണ് ഈ സര്‍ക്കാര്‍.

മൂന്നാം ലോക കേരള സഭയില്‍ 62 വിദേശ രാജ്യങ്ങളില്‍ നിന്നും 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. 648 ശുപാര്‍ശകളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ കൂടിയാലോചിച്ച് അവയുടെ അവലോകനം നടത്തുകയും പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ അവയെ 67 ആക്കി ചുരുക്കുകയും ചെയ്തു. 11 വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

56 ശുപാര്‍ശകള്‍ അതതു വകുപ്പുകളുടെ പരിഗണനയിലാണ്. ലോക കേരളസഭയുടെ സെക്രട്ടേറിയേറ്റ് ഒരു ഇംപ്ലിമെന്റേഷന്‍ ഏജന്‍സി അല്ലാത്തതിനാല്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ശുപാര്‍ശകള്‍ കൈകാര്യം ചെയ്തുവരുന്നത്. ലോക കേരളസഭയുടെയും മേഖലാ സമ്മേളനങ്ങളുടെയും വിവിധ ശുപാര്‍ശകള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി അതാത് വകുപ്പുകളില്‍ ഡെപ്യൂട്ടി / അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ആ നിലയ്ക്ക് സമ്മേളനങ്ങളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

അമേരിക്കന്‍ മലയാളികള്‍ക്കൊക്കെ പ്രയോജനപ്പെടുത്താവുന്ന സംവിധാനമാണ് പ്രവാസികള്‍ക്കും തിരികെയെത്തിയ പ്രവാസികള്‍ക്കും കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍. നിലവില്‍ 136 സംരംഭങ്ങളാണ് ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ആരംഭിച്ചിട്ടുള്ളത്. നിലവില്‍ 85 സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്നുമുണ്ട്. നിലവിലുള്ള പദ്ധതികള്‍ക്കു പുറമെ പ്രവാസി നിക്ഷേപകര്‍ക്ക് കൂടുതല്‍ സഹായം നല്‍കാനായി നോര്‍ക്ക അസ്സിസ്റ്റെഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം), നോര്‍ക്ക സോണ്‍ എന്നീ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.

നിലവില്‍ പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ നിക്ഷേപം മുന്നൂറു കോടി കവിഞ്ഞിട്ടുണ്ട്. മലയാള ഭാഷയുടെ പ്രചരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ പ്രവാസികളുടെ ഇടയില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇന്ത്യയുടെ 24 സംസ്ഥാനങ്ങളിലും ലോകത്താകെയുള്ള 43 രാജ്യങ്ങളിലുമായാണ് മലയാളം മിഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്. 50,000ത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും മലയാളം മിഷന്‍ ആപ്പ് മുഖേനയും പഠിതാക്കളാണ്.

കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി നോര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ നോര്‍ക്ക റൂട്ട്സും പ്രവാസി ക്ഷേമനിധി ബോര്‍ഡും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

കേരള സമൂഹത്തെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ പൊതുവായും പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളില്‍ സവിശേഷമായും പ്രവാസികളുടെ അഭിപ്രായങ്ങളെ ഗൗരവത്തോടെ കേള്‍ക്കുന്നതിനും നവകേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമുള്ള വേദിയാണ് ലോക കേരളസഭ. ആ നിലയ്ക്ക് വളരെ ഗൗരവത്തോടെയാണ് ലോക കേരളസഭയെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിശ്വകേരളത്തിന്റെ പരിഛേദമെന്ന നിലയ്ക്ക് ലോക കേരളസഭയെ രൂപീകരിച്ചിരിക്കുന്നത്.

പ്രവാസത്തെ ആശ്രയിക്കുന്ന എല്ലാ പ്രദേശങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഉള്ള മാതൃകയായി ലോക കേരളസഭയെ ശക്തിപ്പെടുത്താന്‍ ആവശ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യും എന്നു കൂടി ഈ ഘട്ടത്തില്‍ സൂചിപ്പിക്കട്ടെ. അതിനുതകുന്ന വിധത്തില്‍ ഓരോ മേഖലയിലുമുള്ള പ്രവാസികളും പ്രവാസി സംഘടനകളും തരുന്ന നിര്‍ദ്ദേശങ്ങളെ വളരെ ഗൗരപൂര്‍വ്വം സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top