Edit Content

Section

Edit Content

സംസ്ഥാന ഭിന്നശേഷി അവാർഡ് 2025′, ഭിന്നശേഷി മേഖലയിലെ സേവനങ്ങൾക്ക് മികച്ച ജില്ലാ ഭരണകൂടത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം മലപ്പുറം ജില്ലാ ഭരണകൂടത്തിന്

HIGHLIGHTS : State Disability Award 2025, Malappuram district administration

സംസ്ഥാനത്ത് ഭിന്നശേഷി മേഖലയിൽ വേറിട്ട സേവനങ്ങൾ കാഴ്ച്ചവെച്ച മികച്ച ജില്ലാ ഭരണകൂടത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം മലപ്പുറം ജില്ലാ ഭരണകൂടത്തിന്. ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌ക്കാരങ്ങൾ – ‘ഭിന്നശേഷി അവാർഡ് 2025’ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 16 വിഭാഗങ്ങളിലായി ആകെ 30 പുരസ്കാരങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതിൽ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് ഉൾപ്പെടെ ആറ് പുരസ്കാരങ്ങൾ മലപ്പുറത്തിനാണ്.

ജില്ലാ കളക്ടർ വി.ആർ വിനോദിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി നടപ്പാക്കിയ വിവിധ നൂതന പദ്ധതികളും സാമൂഹ്യനീതി വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെയും സന്നദ്ധ സാമൂഹ്യ പ്രവർത്തകരുടെയും പ്രവർത്തനങ്ങളുടെ ഏകീകരണവും നിരന്തര നിരീക്ഷണങ്ങളുമാണ് ജില്ലാ ഭരണകൂടത്തെ അവാർഡിന് അർഹമാക്കിയത്. നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള ഭിന്നശേഷിക്കാർക്ക് രക്ഷാകർതൃത്വം ഉറപ്പാക്കുന്നതിനുള്ള വികേന്ദ്രീകൃത പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാർക്ക് കലക്ടറുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രത്യേക പി എസ് സി കോച്ചിംഗ്, എബിലിറ്റി കഫേകൾ, ബാരിയർ ഫ്രീ പ്രവർത്തനങ്ങൾ തുടങ്ങി നിവരധി നൂതന ഇടപെടലുകൾ, ഭിന്നശേഷി മേഖലയിൽ 24 മണിക്കൂറും സന്നദ്ധസേവനം ഉറപ്പു വരുത്തുന്നതിനുള്ള “കെയർ” പദ്ധതി, ഭിന്നശേഷി സൗഹൃദ ഓഫീസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തി.

വിദ്യാ കിരണം, വിദ്യാജ്യോതി തുടങ്ങിയ സാമൂഹിക നീതി വകുപ്പിന്റെ വിവിധ പദ്ധതികൾ വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾക്ക് സേവനം നൽകാൻ മലപ്പുറം ജില്ലക്ക് കഴിഞ്ഞു. നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള ഭിന്നശേഷിക്കാർക്ക് നിയമപരമായ രക്ഷാകർതൃത്വ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നൽകിയത് മലപ്പുറം ജില്ലയാണ്. 2023 ൽ 630 ഉം 2024 ൽ 429 ഉം 2025 ൽ1002 ഉം സർട്ടിഫിക്കറ്റുകൾ നൽകി. 54,234 പേർക്ക് ഭിന്നശേഷി യു ഡി ഐ ഡി കാർഡുകൾ വിതരണം ചെയ്തു. (2025 ഓഗസ്റ്റ് മാസം വരെ)

ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക പിഎസ്‌സി ക്ലാസുകൾ നടത്തുന്നു. പല ഭിന്നശേഷിക്കാർക്കും ജോലി കരസ്ഥമാക്കാൻ കഴിഞ്ഞു. സർക്കാർ സർവീസിലെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ ജോലി പ്രതീക്ഷിച്ചിരിക്കുന്നുണ്ട്.

മലപ്പുറത്തിന് ലഭിച്ച മറ്റ് അവാർഡുകൾ

സര്‍ക്കാര്‍/പൊതുമേഖലയിലെ കേൾവി പരിമിതിയുള്ള മികച്ച ജീവനക്കാരന്‍ (25000 രൂപ പുരസ്കാരം): റിയാസുദ്ദീൻ കെ, കാറൽക്കുണ്ടിൽ, മൂന്നിയൂർ.
(ഭിന്നശേഷി അവകാശ പ്രവർത്തകൻ, ഡഫ് ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി)

സ്വകാര്യമേഖലയിലെ ലോക്കോമോട്ടോർ പരിമിതിയുള്ള മികച്ച ജീവനക്കാരി (25000 രൂപ പുരസ്കാരം): സി പി ഫൗസിയ, ചെറുകാപ്പള്ളി, കിടങ്ങയം, പന്തല്ലൂർ. (ഭിന്നശേഷി പുനരധിവാസ മേഖലയിൽ സജീവമായ പ്രവർത്തനം കാഴ്ച്ചവക്കുന്നു. സാമൂഹ്യപ്രവർത്തക)

സ്വകാര്യമേഖലയിലെ കേൾവി പരിമിതിയുള്ള മികച്ച ജീവനക്കാരൻ (25000 രൂപ പുരസ്കാരം): മലപ്പുറം പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ സ്ഥാപനത്തിൽ ആംഗ്യഭാഷ പരിശീലകനായ അനിൽകുമാർ കെ, കളത്തിൽ വീട്, കാട്ടുകുളം, മംഗലാംകുന്ന്, പാലക്കാട്.
(ആംഗ്യഭാഷാ പരിശീലകൻ, ആംഗ്യഭാഷയിൽ ദേശീയഗാനം ആലപിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി)

കല-സാഹിത്യം-കായികം മേഖലകളിൽ ഉന്നതനേട്ടങ്ങൾ കരസ്ഥമാക്കിയ മികച്ച ഭിന്നശേഷി വ്യക്തിത്വം (25000 രൂപ പുരസ്കാരം): ഷബാന പൊന്നാട്, ഫെബിന ഹൗസ്, ഓമാനൂർ, പൊന്നാട്
(എഴുത്തുകാരി, സാമൂഹ്യ-സാംസ്കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യം, സന്നദ്ധ പ്രവർത്തനരംഗത്ത് മികച്ച സേവനം)

മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങൾ (25000 രൂപ വീതം പുരസ്കാരം): എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ്, പുളിക്കൽ, വലിയപറമ്പ്. (കാഴ്ച കേൾവി പരിമിതി നേരിടുന്നവരുടെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, പുനരധിവാസം എന്നീ മേഖലകളിൽ നൂതനമായ ഇടപെടൽ നടത്തുന്ന ഈ സ്ഥാപനം പൂർണമായും ഭിന്ന ശേഷിക്കാർക്ക് പ്രാപ്യമായ രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്നു).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!