Section

malabari-logo-mobile

”കരുണാവാന്‍ നബി മുത്തുരത്‌നമോ”

HIGHLIGHTS : നാരായണഗുരു ജയന്തി ദിനത്തില്‍ കവിയും നിരൂപകനുമായ എംപി അനസ് എഴുതുന്നു പ്രവാചകനായ മുഹമ്മദു നബിയെക്കുറിച്ച് മലയാള കവിതയിലുണ്ടായ ലളിതവും അനര്‍ഘവുമായ വരി...

നാരായണഗുരു ജയന്തി ദിനത്തില്‍ കവിയും നിരൂപകനുമായ എംപി അനസ് എഴുതുന്നു
പ്രവാചകനായ മുഹമ്മദു നബിയെക്കുറിച്ച് മലയാള കവിതയിലുണ്ടായ ലളിതവും അനര്‍ഘവുമായ വരിയാണ് ‘കരുണാവാന്‍ നബി മുത്തുരത്‌നമോ’ എന്നത്.

ഇസ്ലാമിന്റെ ഐഡിയോളജിയിലുള്ള യഥാര്‍ത്ഥ ആത്മീയവാദികളെ സംബന്ധിച്ചിടത്തോളം ദൈവത്തോളം തന്നെ അവര്‍ സ്‌നേഹിക്കുന്നുണ്ട് മുഹമ്മദ് നബിയെ. മുത്തിലും മുത്താണവര്‍ക്ക് നബി. അവര്‍ സൂഫികളാവാം സാധാരണ മനുഷ്യരുമാവാം. കാരുണ്യത്തിന്റെ മുത്തായി അഥവാ അമൂല്യരത്‌നമായി ആ നബിയെയാണ് അനുകമ്പാദശകത്തില്‍ ശ്രീനാരായണ ഗുരു അവതരിപ്പിക്കുന്നത്. അനുകമ്പാദശകം,അരുളിനെക്കുറിച്ചും അന്‍പിനെക്കുറിച്ചും അനുകമ്പയെക്കുറിച്ചുമാണ് പറയുന്നത്. പത്തു ശ്ലോകങ്ങള്‍ ( ദശകം) മാത്രമുള്ള ചെറുപദ്യം. അകമാകെ അനുകമ്പ നിറയേണമേ എന്നാണതില്‍ ഗുരുവിന്റെ പ്രാര്‍ത്ഥന.

sameeksha-malabarinews

ദൈവകാരുണ്യമാണ് ബുദ്ധനും നബിയും കൃഷ്ണനും ക്രിസ്തുവുമെല്ലാമെന്ന് എഴുതുന്നു ഗുരു. മതം, ജാതി, ദൈവം എന്നിവയെക്കുറിച്ചെല്ലാം അതുവരെ ഉണ്ടായിരുന്ന സങ്കല്‍പങ്ങളെയും വിശ്വാസങ്ങളെയും പൊളിക്കുന്നതോടൊപ്പം തന്നെ എല്ലാമതത്തിന്റെയും മൂല്യങ്ങളില്‍ പ്രധാനമായ കാരുണ്യത്തെ മുന്‍നിര്‍ത്തി ഇതാണ് മതം ഇതാണ് ദൈവം എന്ന് കാണിച്ചു തരികയായിരുന്നല്ലോ ഗുരു.മതത്തിന്റെ വ്യത്യസ്തതകളെയെല്ലാം ഗുരു ആത്മീയമായി സമന്വയിപ്പിക്കുന്നു. ആത്മീയതയാണ് ഗുരുവിന് പ്രധാനം. ആചാരങ്ങളോ അനുഷ്ഠാനങ്ങളോ വിവാദങ്ങളോ അല്ല.
ശ്രീനാരായണഗുരു മുന്നോട്ടു വെയ്ക്കുന്ന ആത്മീയതയുടെ അടിസ്ഥാന ശിലകളില്‍ ഒന്നാണ് കരുണ അഥവാ അരുള്‍. അരുളില്ലെങ്കില്‍ മനുഷ്യന്‍ നാറുന്നൊരു ശരീരം മാത്രമായിരിക്കും.അതിനാല്‍ അരുളാകുന്ന അറിവും അലിവും അപരപ്രിയവും കലര്‍ന്ന കാരുണ്യത്തെക്കുറിച്ച് ഗുരു പറഞ്ഞു കൊണ്ടേയിരുന്നു. കാരുണ്യമാണ് ഗുരുവിന് മതം. കാരുണ്യം തന്നെയാണ് ദൈവവും. ആ കാരുണ്യത്തില്‍ നിന്നും വന്നു പിറന്ന മുത്തുരത്‌നമായ പ്രവാചകനെക്കുറിച്ചാണ് ഗുരുപറയുന്നത്.ആ നബിയെ പിന്തുടരുന്നവര്‍ കാരുണ്യത്തെ പിന്തുടരുന്നു. ദൈവത്തെ പിന്തുടരുന്നു. അവരുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ കാരുണ്യ പ്രവര്‍ത്തനങ്ങളായി മാറുന്നു. അതാകട്ടെ അപരനുകൂടി ഗുണത്തിനായിത്തീരുന്നു.

ഒരു ആത്മീയവാദി നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചരിത്രത്തിലിടപെട്ട മറ്റൊരു ആത്മീയവാദിയെ അകക്കണ്ണു കൊണ്ട് കണ്ടതിന്റെ സാരസംക്ഷിപ്തമാണ് ഈയൊരൊറ്റ വരി. മദ്രസയില്‍ പഠിച്ചിരുന്ന കാലത്ത് നബിയെക്കുറിച്ച് പറയുമ്പോളെല്ലാം കരുണാവാന്‍ നബി മുത്തുരത്‌നം എന്നു ചേര്‍ത്തു പറയുന്നൊരു ഉസ്താദുണ്ടായിരുന്നു. അക്കാലത്ത് കൂടെക്കൂടിയൊരു പ്രയോഗമാണിത്. അതുകൊണ്ടാണ് ഈ വരി മുന്‍നിര്‍ത്തിപ്പറയുന്നതും. വളരെക്കഴിഞ്ഞാണ് കേരളത്തെ എല്ലാ അര്‍ത്ഥത്തിലും സംവാദാത്മകമാക്കുകയും മലയാളികളെ മനുഷ്യരായി ചേര്‍ത്തു പിടിക്കുകയും ചെയ്ത ഗുരുവിന്റെ വരിയാണതെന്ന് മനസ്സിലാക്കായത്. എത്ര ഹൃദ്യമായാണ് ഗുരു നബിയെ ചേര്‍ത്തു പിടിക്കുന്നത് ! മതവും ദൈവവും ദേശവുമെല്ലാം ചേര്‍ന്ന് മനുഷ്യരെ പങ്കുവെയ്ക്കുന്നൊരു രാഷ്ട്രീയന്തരീക്ഷത്തില്‍ ഈയൊരു വരി മാറ്റുകൂടിയ രത്‌നം പോലെ തിളങ്ങിക്കൊണ്ടിരിക്കുന്നു.ഈ ചെറു കാവ്യമാകട്ടെ ഇന്നു നാം കാണുന്ന മതങ്ങളുടെയെല്ലാം ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറമാണ് ആത്മീയതയെന്നും അത് കാരുണ്യത്താല്‍ മുദ്രിതമാണെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.അരുളും അറിവും അലിവുമുള്ള മനുഷ്യരായ് നിലനില്‍ക്കാന്‍ കൂടുതല്‍ ബലം നല്‍കുകയും ചെയ്യുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!