Section

malabari-logo-mobile

സ്‌ക്വാഷ് വനിതാ വേള്‍ഡ് സീരിസ്;മലയാളിതാരം ദീപിക പള്ളിക്കലും ജോഷ്‌ന ചിന്നപ്പയും ദോഹയിലെത്തുന്നു

HIGHLIGHTS : ദോഹ: പ്രൊഫഷണല്‍ സ്‌ക്വാഷ് അസോസിയേഷന്റെ വനിതാ ലോക സീരിസില്‍ മത്സരിക്കാന്‍ മലയാളിതാരം ദീപിക പള്ളിക്കലും ജോഷ്‌ന ചിന്നപ്പയും ദോഹയിലെത്തുന്നു. 2015 ഖത്...

Untitled-1 copyദോഹ: പ്രൊഫഷണല്‍ സ്‌ക്വാഷ് അസോസിയേഷന്റെ വനിതാ ലോക സീരിസില്‍ മത്സരിക്കാന്‍ മലയാളിതാരം ദീപിക പള്ളിക്കലും ജോഷ്‌ന ചിന്നപ്പയും ദോഹയിലെത്തുന്നു. 2015 ഖത്തര്‍ ക്ലാസിക് എന്ന സീരിസ് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ആറുവരെയാണ് നടക്കുക. പുരുഷ ചാംപ്യന്‍ഷിപ്പും ഈ ദിവസങ്ങളില്‍ ദോഹയില്‍ നടക്കും. ലോക സ്‌ക്വാഷിലെ മുന്‍നിര താരങ്ങളാണ് ദോഹയില്‍ മത്സരിക്കാനിറങ്ങുന്നത്. ലോക സീരിസിലെ ഇന്ത്യന്‍ പ്രതീക്ഷകളാണ് ജോഷ്‌ന ചിന്നപ്പയും ദീപിക പള്ളിക്കലും. ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മൂന്നുതവണ ലോക സ്‌ക്വാഷ് കിരീടം ഉയര്‍ത്തിയിട്ടുള്ള ഈജിപ്തിന്റെ റാമി അഷൗറാണ് പുരുഷ വിഭാഗത്തില്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അഷൗറിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുക ഈജിപ്തിന്റെ തന്നെ ലോക ഒന്നാം നമ്പര്‍ താരം മുഹമ്മദ് എല്‍ഷോര്‍ബഗിയാണ്. ഇന്ത്യയുടെ സൗരവ് ഘോഷാലും മത്സരിക്കാനെത്തുന്നുണ്ട്. 2011ന് ശേഷം ഇതാദ്യമായാണ് സ്‌ക്വാഷ് വനിതാ വേള്‍ഡ് സീരിസ് ദോഹയില്‍ നടക്കുന്നത്. 2011ലെ ലോക ചാംപ്യനായ നിക്കോള്‍ ഡേവിഡ്, ഈജിപ്തിന്റെ ലോക ഒന്നാംനമ്പര്‍ താരം റനീം എല്‍ വെലില്ലി എന്നിവര്‍ക്കാണ് വനിതകളില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇന്ത്യയുടെ ദീപിക പള്ളിക്കലിനും ജോഷ്‌ന ചിന്നപ്പയ്ക്കും ദോഹയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബറില്‍ നടന്ന മക്കാവു ഓപ്പണില്‍ ഇരുവരും ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും ജോഷ്‌ന ന്യൂയോര്‍ക്ക് ഓപ്പണില്‍ സെമിഫൈനല്‍ വരെ എത്തിയിരുന്നു. പി എസ് എ ലോക റാങ്കിംഗില്‍ നിലവില്‍ 19-ാം സ്ഥാനത്താണ് ദീപിക പള്ളിക്കല്‍. ജോഷ്‌ന 20-ാം റാങ്കിലാണ്. കടുത്ത എതിരാളികളെയാണ് ഇരുവര്‍ക്കും ദോഹയില്‍ നേരിടാനുള്ളത്. സ്‌ക്വാഷ് ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്തിനുള്ളിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി ദീപിക നേരത്തെ സ്വന്തമാക്കിയിരുന്നു. പ്ലയേഴ്‌സ് അസോസിയേഷന്റെ മൂന്നു ടൂര്‍ കിരീടങ്ങള്‍ 2011ല്‍ സ്വന്തമാക്കി. 20 റാങ്കിനുള്ളിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ദീപികയുടെ പേരിലായിരുന്നു. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയില്‍ ബിസിനസുകാരന്‍ സഞ്ജീവ് ജോര്‍ജ് പള്ളിക്കലിന്റെയും സൂസന്‍ ഇട്ടിച്ചെറിയയുടെയും മകളാണ്. സൂസന്‍ ഇട്ടിച്ചെറിയ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്നു. സൂസന്റെ പിതാവ് കെ കെ ഇട്ടിച്ചെറിയ മുന്‍ ബാസ്‌ക്കറ്റ് ബാള്‍ താരവും മാതാവ് ഗ്രേസി അത്‌ലറ്റുമായിരുന്നു. 2011ല്‍ ഇര്‍വിനില്‍ നടന്ന ഓറഞ്ച് കൗണ്ടി ഓപ്പണായിരുന്നു ദീപികയുടെ ആദ്യ പ്ലയേഴ്‌സ് അസോസിയേഷന്‍ ടൂര്‍ കിരീടം. അമേരിക്കയില്‍ രണ്ടാം കിരീടവും ഹോങ്കോങ്ങില്‍ മൂന്നാം കിരീടവും നേടി. 2003 മെയ് മാസം സ്റ്റുട്ഗര്‍ട്ടില്‍ നടന്ന ജര്‍മന്‍ ജൂനിയര്‍ സ്‌ക്വാഷ് ഓപ്പണ്‍ ജൂനിയര്‍ തലത്തില്‍ ദീപികയെ ശ്രദ്ധേയയാക്കി. 2005ലെ അണ്ടര്‍ 15 ഏഷ്യന്‍ ചാംപ്യനും ദീപികയായിരുന്നു. പിന്നീട് ഡച്ച് ജൂനിയര്‍ കിരീടവും ദീപികയുടേതായി. 2005ല്‍ മലേഷ്യന്‍ ഓപ്പണ്‍, ഫ്രഞ്ച് ജൂനിയര്‍ ഓപ്പണ്‍, ആസ്‌ത്രേലിയന്‍ ജൂനിയര്‍ ഓപ്പണ്‍, ഡച്ച് ജൂനിയര്‍ ഓപ്പണ്‍ വിജയങ്ങള്‍ ദീപികയുടെ മികവിന്റെ കിരീടങ്ങളാണ്. അണ്ടര്‍ 15 വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ പദവിയും ദീപികയ്ക്കു നേടാനായി. ആറു തവണ ലോകചാംപ്യനായിട്ടുള്ള ആസ്‌ത്രേലിയയുടെ സാറ ഫിറ്റ്‌സ് ജെറാള്‍ഡാണ് ദീപികയുടെ പരിശീലകന്‍. ചെന്നൈ സ്വദേശിയായ ജോഷ്‌ന ചിന്നപ്പ സമീപകാലത്തായി മികച്ച പ്രകടനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. അണ്ടര്‍ 19 വിഭാഗത്തില്‍ ബ്രിട്ടീഷ് സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പ് വിജയിക്കുന്ന ആദ്യ താരമാണ് ജോഷ്‌ന. ലോക റാങ്കിങ്ങില്‍ 2014ല്‍ 19-ാം സ്ഥാനത്ത് എത്തിയിരുന്നു. മാല്‍ക്കം വില്‍സ്‌ട്രോപ്പ് ആണ് കോച്ച്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപിക പള്ളിക്കലിനോടൊപ്പം സ്‌ക്വാഷ് ഡബിള്‍സില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!