Section

malabari-logo-mobile

സംസ്ഥാനത്തു കായിക സമ്പദ്വ്യവസ്ഥ സൃഷ്ടിക്കും: മുഖ്യമന്ത്രി

HIGHLIGHTS : Sports economy will be created in the state: Chief Minister

ആഭ്യന്തര ഉത്പാദനത്തില്‍ മികച്ച സംഭാവന നല്‍കുന്ന ഒന്നാക്കി കായിക രംഗത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തു കായിക സമ്പദ്വ്യവസ്ഥ വളര്‍ത്തിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കായികമേഖലയിലെ പുത്തന്‍ പ്രവണതകളെ സ്വീകരിക്കുകയും നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരള 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കായിക സമ്പദ് വ്യവസ്ഥ വളരുമ്പോള്‍ ഈ രംഗത്തു വലിയ തോതില്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു കേരളത്തെ തയാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കായിക സമ്പദ്വ്യവസ്ഥ വലിയ തോതില്‍ സജീവമാക്കാന്‍ കഴിയുന്ന സ്വകാര്യ സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളേയും ഈ രംഗത്തേക്ക് ആകര്‍ഷിക്കും. ഇത്തരമൊരു ചുവടുവയ്പ്പിന് ഏറ്റവും അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്ന സംസ്ഥാനമാണു കേരളം. അന്താരാഷ്ട്ര കായികരംഗത്തു ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനമാണു കേരളം. ഒരേ മനസോടെ മുന്നോട്ടുവന്നാല്‍ ഈ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയും.

sameeksha-malabarinews

ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും നിരവധി അഭിമാന നേട്ടങ്ങള്‍ കരസ്ഥമാക്കിയ താരങ്ങള്‍ കേരളത്തിലുണ്ട്. കായികതാരങ്ങള്‍ മാത്രമല്ല പ്രമുഖരായ പരിശീലകര്‍, റഫറിമാര്‍ ഉള്‍പ്പെടെയുള്ള ഒഫിഷ്യലുകളേയും കേരളം സംഭാവനചെയ്തു. കായിക പഠനത്തിന്റെ മേഖലയിലും കേരളം ഏറെ മുന്നിലാണ്. ലോകത്തിലെ ഏറ്റവും മികച്ച കായിക ആസ്വാദകരുടെ പട്ടികയിലാണു മലയാളികളുടെ സ്ഥാനം. കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പ് കാലത്തു സംഘാടകരായ ഖത്തറും ലോകജേതാക്കളായ അര്‍ജന്റീനയും ആരാധക പിന്തുണയ്ക്കു കേരളത്തോടു നന്ദിപറഞ്ഞകാര്യം മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഫുട്ബോള്‍ ക്ലബുകളും കേരളത്തിന്റെ കായിക ആസ്വാദന നിലവാരത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ പ്രധാന കായിക ഇനങ്ങള്‍ക്കെല്ലാം വേരോട്ടമുള്ള മണ്ണാണു കേരളത്തിന്റേത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങള്‍ കായിക ഇനങ്ങള്‍ കളിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കായിക പ്രചരണത്തില്‍ നാട്ടിലെ ക്ലബുകള്‍, വായനശാലകള്‍, മറ്റു സംഘടനകള്‍ തുടങ്ങിയവ വഹിച്ചിട്ടുള്ള പങ്ക് എടുത്തുപറയേണ്ടതാണ്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള ക്ലബുകളാണു പല കായിക ഇനങ്ങളും സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്യത്തെ മറ്റ് ഏതൊരു സംസ്ഥാനത്തേക്കാളും മികച്ച കായിക സംസ്‌കാരം നിലനില്‍ക്കുന്ന നാടാണു കേരളമെന്ന് അഭിമാനപൂര്‍വം പറയാനാകും.

കായികരംഗത്തു ചില പോരായ്മകളും നിലനില്‍ക്കുന്നുണ്ടെന്നതു തിരിച്ചറിയണം. ഒരുകാലത്തു രാജ്യത്തു മുന്‍നിരയിലായിരുന്ന പല കായിക ഇനങ്ങളിലും നാം ഇന്നു പിന്നോട്ടുപോയിട്ടുണ്ട്. ദേശീയതലത്തിലുള്ള മത്സരങ്ങള്‍ ഇതിനു തെളിവാണ്. കായികരംഗത്തെ പുതിയ രീതികളും സാങ്കേതികവിദ്യകളും സ്വന്തമാക്കുന്നതില്‍ നാം ഏറെ മുന്നോട്ടുപോകേണ്ടതായിട്ടുണ്ട്. കായികരംഗത്തെ ഈ കുറവ് തിരിച്ചറിഞ്ഞുള്ള പരിഷ്‌കരണ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. അതിന്റെ ഭാഗമായി നിലവാരമുള്ള കളിക്കളങ്ങള്‍ നിര്‍മിക്കുന്നതിനു വലിയ പ്രാധാന്യം നല്‍കുകയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ പത്തിലധികം സിന്തറ്റിക് ട്രാക്കുകളുണ്ട്. 1700 കോടി രൂപയാണു കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു സര്‍ക്കാര്‍ ചെലവഴിച്ചത്. 703 കായികതാരങ്ങള്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കി. എല്ലാവര്‍ക്കും സ്പോര്‍ട്സ് എന്നതില്‍ ഊന്നിയാണു കായിക നയം പ്രഖ്യാപിച്ചത്. കായിക ഇനങ്ങളും ശാരീരിക ക്ഷമതാ പ്രവര്‍ത്തനങ്ങളും എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് നയംകൊണ്ട് ഉദ്ദേശിക്കുന്നത്. കായിക മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് ഉതകുന്ന ഒട്ടേറെ നിര്‍ദേശങ്ങളും ഇതിലുണ്ട്.

കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തി ആവശ്യമായ പിന്തുണ നല്‍കുന്നതിനും വലിയ മുന്‍തുക്കം നല്‍കുകയാണ്. കായികംരംഗത്തെ മാനുഷിക അംശങ്ങളെ മുന്നില്‍നിര്‍ത്തിയുള്ള പുരോഗമന നടപടികളും സ്വീകരിക്കും. ഭിന്നശേഷി സ്പോര്‍സ് പ്രോത്സാഹിപ്പിക്കും. കായിക രംഗത്തു വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും. കായിക പ്രവര്‍ത്തനത്തെ ജനകീയ പ്രവര്‍ത്തനമായി പരിഗണിക്കുകയാണ്. പൊതുജനങ്ങള്‍ക്കിടയില്‍ കായിക വ്യായാമ സാക്ഷരത വളര്‍ത്തും. അതിനു തദ്ദേശതല സ്പോര്‍ട്സ് കൗണ്‍സിലുകള്‍ പ്രയോജനപ്പെടുത്തും. കമ്യൂണിറ്റി സ്പോര്‍ട്സിന്റെ അടിത്തറയില്‍ ഉന്നത നിലവാരത്തിലുള്ള കായിക സംസ്‌കാരം വളര്‍ത്തിയെടുക്കും. കായികരംഗത്തിന് ആവശ്യമായ നൈപുണ്യമുള്ള തൊഴില്‍ സേനയെ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമത്തിലാണു സര്‍ക്കാര്‍. സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് സയന്‍സ് തുടങ്ങിയ വിഷയങ്ങളിലെ കോഴ്സുകള്‍ സര്‍വകലാശാലകളില്‍ ആരംഭിക്കുകയാണ്. അങ്ങനെ സംസ്ഥാനത്തെ വളരുന്ന കായികമേഖലയ്ക്ക് ആവശ്യമായ മാനവവിഭവ ശേഷി കേരളത്തില്‍നിന്നുതന്നെ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രായ, ലിംഗ, പ്രാദേശിക, തൊഴില്‍, സാമ്പത്തിക ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്പോര്‍ട്സ് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാനം കായിക നയം രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കായിക സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാനുള്ള കേരളത്തിന്റെ നടപടികള്‍ രാജ്യത്തിന്റെ കായികരംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്. സാമ്പത്തിക തത്വങ്ങളെ കായിക മേഖലയുമായി ബന്ധിപ്പിച്ചുള്ള സുസ്ഥിര കാഴ്ചപ്പാടാണു കേരളം ഇതിലൂടെ നിര്‍വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതിനു പ്രാധാന്യം നല്‍കണമെന്നു ചടങ്ങില്‍ പങ്കെടുത്ത നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്ത് സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ലഹരിക്കെതിരായ ബോധവത്കരണത്തിന് ഫിസിക്കല്‍ ഫിറ്റ്നസിനെക്കുറിച്ചുള്ള ബോധവത്കരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സ്പോര്‍ട്സ് സ്‌കൂളുകളിലെ സിലബസ് പരിഷ്‌കരണവും പ്രവര്‍ത്തന സമയ മാറ്റവും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു പൊതുവിദ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കായികതാരങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പുനഃക്രമീകരണം നടത്തുന്നതും ആലോചനയിലാണ്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ സ്പോര്‍ട്സ് ഒരു ഇനമാണ്. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ സ്പോര്‍ട്സിനായി പ്രത്യേക പാഠപുസ്തകം അച്ചടിച്ചു വിദ്യാര്‍ഥികള്‍ക്കു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കായിക മേഖലയുടെ മുന്നേറ്റം ലക്ഷ്യംവച്ചുള്ള നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

മന്ത്രിമാരായ പി. പ്രസാദ്, ജി.ആര്‍. അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ്, വി. ശശി, സി.കെ ഹരീന്ദ്രന്‍, വി.കെ. പ്രശാന്ത്, കെ. ആന്‍സലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഐ.എം. വിജയന്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, മുതിര്‍ന്ന കായികതാരങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!