Section

malabari-logo-mobile

തീരദേശ ഹൈവേക്ക് പ്രത്യേക പുനരധിവാസ പാക്കേജ് : മന്ത്രി പി എ മുഹമ്മദ് റിയാസ്

HIGHLIGHTS : Special Rehabilitation Package for Coastal Highway : Minister PA Muhammad Riaz

തീരദേശഹൈവേയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് പ്രത്യേക പുനരധിവാസ പാക്കേജ് തയ്യാറാക്കിയതായി പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി പുനരധിവാസ പാക്കേജിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്.

തീരദേശത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് സമഗ്രമായ പ്രത്യേക പുനരധിവാസ പാക്കേജാണ് തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് മാന്യമായ പുനരധിവാസം ഉറപ്പാക്കുന്നതാണ് പാക്കേജെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പാക്കേജിനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉടമസ്ഥാവകാശ രേഖകള്‍ ഉള്ളവര്‍ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടും. കാറ്റഗറി ഒന്നില്‍ ഉള്‍പ്പെട്ടവരുടെ കെട്ടിടം ഏറ്റെടുക്കുമ്പോള്‍ കെട്ടിടത്തിന് കണക്കാക്കുന്ന തുകയില്‍ നിന്ന് ഡിപ്രീസിയേഷന്‍ മൂല്യം കിഴിച്ച്, സൊളേഷ്യം നല്‍കി, ഡിപ്രീസിയേഷന്‍ വാല്യൂ കൂടി കൂട്ടിയ തുക നഷ്ടപരിഹാരമായി നല്‍കും.സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം നിശ്ചയിക്കുന്ന സ്ഥലവില നല്‍കും. അതോടൊപ്പം പുനരധിവസിക്കപ്പെടേണ്ട കുടുംബങ്ങള്‍ക്ക് 600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കില്‍ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരം നല്‍കും.

ഉടമസ്ഥാവകാശ രേഖകള്‍ ഇല്ലാത്തവരെ പുനരധിവാസ പാക്കേജിലെ കാറ്റഗറി രണ്ടിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് ഡിപ്രീസിയേഷന്‍ മൂല്യം കിഴിക്കാതെയുള്ള കെട്ടിട വിലയാണ് നഷ്ടപരിഹാരമായി നല്‍കുക.

പുനരധിവസിപ്പിക്കപ്പെടെണ്ട കുടുംബങ്ങള്‍ക്ക് 600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കില്‍ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരംനല്‍കും. പ്രത്യേക പുനരധിവാസ പാക്കേജുകളില്‍ ഏറ്റവും മികച്ചതാണ് ഇതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ആകെ 52 സ്‌ട്രെച്ചുകളിലായി 623 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഒന്‍പതു ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേയ്ക്ക് ഉണ്ടാകുക. 44 സ്‌ട്രെച്ചുകളിലായി 537 കിലോമീറ്റര്‍ ദൂരം കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ് പ്രവൃത്തി നടത്തുന്നത്. 24 സ്ട്രെച്ചുകളിലായി 415 കിലോമീറ്റര്‍ ദൂരം ഭൂമി ഏറ്റെടുക്കലിന് സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്. ഓരോ 50 കിലോമീറ്റര്‍ ഇടവിട്ട് ആകെ 12 ഇടങ്ങളില്‍ പ്രത്യേക ടൂറിസം കേന്ദ്രങ്ങള്‍ സജ്ജമാക്കും. സൈക്കിള്‍ ട്രാക്ക്, ചാര്‍ജിംഗ് സ്റ്റേഷനുകള്‍, റെസ്റ്റോറന്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. തീരദേശ ഹൈവേ വരുന്നതോടെ ബീച്ച് ടൂറിസത്തിലും വലിയ മാറ്റങ്ങളുണ്ടാകും. നാടിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതി 2026ന് മുന്‍പ് പൂര്‍ത്തിയാക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് എംഎല്‍എമാരായ എം രാജഗോപാല്‍, കെ.ജെ.മാക്‌സി, എം.കെ. അക്ബര്‍, ഡോ. സുജിത് വിജയന്‍പിള്ള തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി വ്യക്തമാക്കി.

കൂടുതല്‍ ഈടുനില്‍ക്കുന്ന റോഡ് നിര്‍മാണ രീതികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ അവലംബിച്ചുവരുന്നതെന്ന് മഞ്ഞളാംകുഴി അലി, എം.കെ.മുനീര്‍, പി.കെ. ബഷീര്‍, എന്‍ എ നെല്ലിക്കുന്ന്, തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. നിലവിലുള്ള റോഡുകള്‍ പൊളിച്ച് ആ അസംസ്‌കൃതവസ്തുക്കള്‍ തന്നെ നിര്‍മാണത്തിനുപയോഗിക്കുന്ന ഫുള്‍ ഡെപ്ത് റിക്ലമേഷന്‍ (എഫ്ഡിആര്‍) തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒന്‍പത് റോഡുകളില്‍ ആരംഭിക്കുകയാണ്. ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലാണ് റോഡു നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത്. റണ്ണിംഗ് കോണ്‍ട്രാക്ടുകള്‍ വഴി റോഡ് പരിപാലനവും ഉറപ്പാക്കുന്നുണ്ട്.

റോഡ് പ്രവൃത്തികളില്‍ ഉണ്ടാകുന്ന തെറ്റായ പ്രവണതകളെ ഒരു തരത്തിലും അംഗീകരിക്കില്ല. 41 പ്രവൃത്തിയില്‍ റിസ്‌ക് ആന്‍ഡ് കോസ്റ്റ് വ്യവസ്ഥപ്രകാരം നടപടി സ്വീകരിച്ചതായും അഞ്ച് കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തിയതായും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!