ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് വിദ്യേഷ പ്രചാരണം; ഒരാള്‍ പിടിയില്‍

മുംബൈ: മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് ആപ്പിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മുംബൈ പൊലീസ് സൈബര്‍ സെല്ലിന്റെ പിടിയിലായത്. ബെംഗളൂരു സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മറ്റ് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മഹാരാഷ്ട്ര മന്ത്രി സത്രേജ് പാട്ടില്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഇക്കാര്യം പുറത്തുവിട്ടു. ‘ബുള്ളി ബായ്’ ആപ്പ് ബ്ലോക്ക് ചെയ്തതായി കേന്ദ ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അജ്ഞാതരായ കുറ്റവാളികള്‍ക്കെതിരെയുള്ള സെക്ഷന്‍ 153 (എ) (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 153 (ബി) (ആരോപണങ്ങള്‍, ദേശീയോദ്ഗ്രഥനത്തിനെതിരെയുള്ള വാദങ്ങള്‍), 295 (എ) (മന:പൂര്‍വ്വവും ദുരുദ്ദേശ്യപരവും) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമ പ്രകാരം മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തികള്‍), 354ഡി (പിടികൂടല്‍), 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 500 (ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍), സെക്ഷന്‍ 67 ( ഇലക്ട്രോണിക് രൂപത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നീ വകുപ്പുകളും പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്.

പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ‘ബുള്ളി ബായ്’ എന്ന ആപ്പ് നടത്തിവന്നത്. കഴിഞ്ഞ വര്‍ഷം ‘സുള്ളി ഡീല്‍സ്’ എന്ന പേരില്‍ ഇതുപോലെ ഒരു ആപ്പ് പുറത്തുവന്നിരുന്നു. ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് അഹ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്റെ അമരത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥിനേതാക്കളായ ലദീദ സഖലൂന്‍, ആയിഷ റെന്ന, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളെയാണ് ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്. സുള്ളി ഡീല്‍സിലും ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ച് വില്‍പനയ്ക്കു വച്ചിരുന്നു.

മാധ്യമപ്രവര്‍ത്തക ഇസ്മത്ത് ആരയുടെ പരാതിയില്‍ ഡല്‍ഹി പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തന്റെ പേരും ചിത്രവും സഹിതം ആപ്പില്‍ വില്പനയ്ക്ക് വച്ചിരുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം ഇസ്മത്ത് ആര തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിരുന്നു.

ആപ്പില്‍ പേര് വന്ന മറ്റുചിലരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഇതേ തുടര്‍ന്നാണ് സംഭവം വിവാദമായത്. ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി അടക്കം നിരവധി പേര്‍ ആപ്പിനെതിരെ രംഗത്തെത്തി. തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. പ്രിയങ്കയുടെ ട്വീറ്റിനു മറുപടി ആയാണ് ഐടി മന്ത്രി ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് വ്യക്തമാക്കിയത്. ഇതിനു നന്ദി അറിയിച്ച പ്രിയങ്ക വിഷയത്തില്‍ കൂടുതല്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

 

Share news
error: Content is protected !!
Scroll to Top