തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷന്‍ സദാചാരപോലീസിങ്ങിന്റെ പാഠശാലയാകുന്നുവോ? ചോദ്യംചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് ക്രൂരമര്‍ദ്ധനം

representational photo

മലപ്പുറം; ഐപിസിയും സിആര്‍പിസിയും, പോലീസ് ആക്ടും, അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട പോലീസ് സ്റ്റേഷന്‍ സദാചാര പോലീസിങ്ങിന്റെ പാഠശാലയാകുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ നിരന്തരം സ്റ്റേഷനില്‍ വരുന്ന പരാതികളില്‍ സ്വാധീനത്തിന് വഴങ്ങി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നവെന്നാണ് ആക്ഷേപം.

കഴിഞ്ഞ ദിവസം ദേശീയപാതയില്‍ പെണ്‍കുട്ടികള്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ സംരക്ഷിക്കുന്ന രീതിയില്‍ നിസ്സാരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും, കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തുകയും ചെയ്തത് വിവാദമായിരുന്നു.അന്ന് ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളോട് മതാചാരപ്രകാരം വസ്ത്രം ധരിക്കുന്നതിനെ കുറിച്ച് ക്ലാസെടുത്തതും, മൊഴിയെടുത്ത വനിത സിവില്‍ പോലീസ് ഓഫീസര്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് സദാചാര ഉപദേശം നല്‍കുകിയത് ഏറെ വിവാദമായിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രണ്ട് വ്യത്യസ്ത മതത്തില്‍പെട്ട പ്രണയിനികളായ യുവാവും യുവതിയും തങ്ങള്‍ക്ക് സംരക്ഷണം ആവിശ്യപ്പെട്ട് തേഞ്ഞിപ്പലം സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് കടുത്ത തിക്താനുഭവമാണ് ഇവര്‍ക്കുണ്ടായത്. യുവതിയുടെ വീട്ടുകാരുടെ പോലീസിലുള്ള സ്വാധീനവും, സിപിഎമ്മിന്റെ തേഞ്ഞിപ്പലത്തെ പ്രാദേശിക നേതാവിന്റെ ഇടപെടലിനെയും തുടര്‍ന്ന് സിഐ അടക്കമുള്ള ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെയും കുടുംബത്തേയും ഭീഷണിപ്പെടുത്തുകയും, തന്ത്രപൂര്‍വ്വം യുവതിയെ വീട്ടുകാര്‍ക്കൊപ്പം അയക്കുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ഫോണ്‍ തിരികെയേല്‍പ്പിക്കുകയും, മേലില്‍ ഇക്കാര്യം പറഞ്ഞ് ഇവിടെ വരരുതെന്ന് സിഐ ഭീഷണപ്പെടുത്തുകയും ചെയ്തതായി യുവാവ് പറയുന്നു. പിന്നീട് യുവതിയെ കുറിച്ച് യാതൊരു വിവരവും ഇല്ലാതായതിനെ തുടര്‍ന്ന് യൂവാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരിക്കുകയാണ്.

സ്റ്റേഷനില്‍ വെച്ച് ഒത്തുതീര്‍പ്പാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയ കാണാനില്ലെന്ന പരാതിയുമായി യുവാവ് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പളളിക്കല്‍ മേഖല സക്രട്ടറി ഹണിലാലിനൊപ്പം സ്റ്റേഷനിലെത്തുകയായിരുന്നു. എന്നാല്‍ പരാതി വാങ്ങാന്‍ പോലീസുകാര്‍ തയ്യാറായില്ലെന്നു മാത്രമല്ല. മണിക്കൂറുകള്‍ സ്റ്റേഷനില്‍ നിര്‍ത്തുകയും , പിന്നീട് പരാതിക്കാരനൊപ്പം സ്റ്റേഷനിലുള്ളിലേക്ക് കയറി സംസാരിച്ചു എന്നപേരില്‍ സിഐ ഷൈജു അടക്കമുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്തുകൊണ്ടുപോയി തന്നെ ക്രൂരമായി മര്‍ദ്ധിക്കുകയും, ഉടുമുണ്ടടക്കം പറിച്ചുകളഞ്ഞ് ലോക്കപ്പില്‍ തള്ളുകയുംചെയ്തതെന്ന് ഹണിലാല്‍ പറയുന്നു.

വിവരമറിഞ്ഞ് നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടുകയും പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. ഈ സംഭവത്തിന്റെ പേരില്‍ ഡിവൈഎഫ്ഐ കുണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി സലാഹ്, വിഷ്ണു, ജാഫര്‍ എന്നിവരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്റ് ചെയ്യുകയും ചെയ്തു.

പരാതിയുമായി സ്റ്റേഷനിലെത്തുന്ന ആളുകള്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിന് പകരം ഉദ്യോഗസ്ഥ, രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങി ചില ഉദ്യോഗ്സഥര്‍ നടത്തിയ ഇടപെടലുകളാണ് ഇത്തരം സംഘര്‍ഷത്തിന് വഴിവെച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രണയവിവാഹങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരാതികളില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തേയും ഇത്തരത്തില്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് പൊതുപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു.

പരാതിക്കാരനൊപ്പം പോലീസ് സ്‌റ്റേഷനിലെത്തിയ പൊതുപ്രവര്‍ത്തകനായ തന്നെ അകാരണമായി ക്രൂരമായി മര്‍ദ്ധിച്ച സിഐക്കും പോലീസുകാര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും, യുവജനകമ്മീഷനും, പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ഹണിലാല്‍.

 

 

 

Share news
error: Content is protected !!
Scroll to Top