തിരൂരങ്ങാടിയില്‍ സ്മാര്‍ട്ട് അഗ്രികള്‍ച്ചറല്‍ ലാബ് നിര്‍മ്മിക്കും; റോഡ് വികസനത്തിനും ആരോഗ്യത്തിനും വിദ്യഭ്യാസത്തിനും മുന്‍ഗണന നല്‍കി തിരൂരങ്ങാടി നഗരസഭ ബജറ്റ്

തിരൂരങ്ങാടി: റോഡ് വികസനത്തിനും, വിദ്യാഭ്യാസ കല കായികത്തിനും, ആരോഗ്യത്തിനും, കൃഷിക്കും മുന്‍ഗണന നല്‍കി കൊണ്ട് തിരൂരങ്ങാടി നഗരസഭ 2026-27 വര്‍ഷത്തെ ബജറ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി അവതരിപ്പിച്ചു. 74,52,53,854 രൂപ വരവും 66,23,03,000 രൂപ ചെലവും 8,29,50,854 രൂപ മിച്ചവുമുള്ള ബജറ്റില്‍ നികുതി ഇനത്തില്‍ 4,90,00,000 രൂപയും നികുതി ഇതര വരുമാനത്തില്‍ 6,77,95,500 രൂപയും ഗ്രാന്റ് ഇനത്തില്‍ 30,61,36,369 രൂപയും വരവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ വിദ്യഭ്യാസ കലാ കായികത്തിന് മൂന്നര കോടി രൂപയും, പരമ്പരാഗത കൃഷിക്ക് ഒരു കോടി രൂപയും ഓപ്പണ്‍ ജിം, സ്റ്റേഡിയം നിര്‍മ്മാണം, മറ്റ് കായിക പ്രവര്‍ത്തനങ്ങള്‍ ഒന്നര കോടി രൂപയും, ക്ഷേമ പദ്ധതികള്‍ക്ക് 2,90,91,000 രൂപയും ആരോഗ്യം മേഖലക്ക് 2,50,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്.
നഗരസഭ പരിധിയില്‍ സ്മാര്‍ട്ട് അഗ്രികള്‍ച്ചറല്‍ ലാബ് നിര്‍മ്മിക്കും. മൃഗാശുപത്രി കെട്ടിട നവീകരണം 30 ലക്ഷം രൂപ, വനിതാ വികസനം 65 ലക്ഷം രൂപ, അഞ്ച് അങ്കനവാടികള്‍ക്ക് കെട്ടിട നിര്‍മ്മാണം ഒരു കോടി രൂപ, ഭിന്നശേഷി സ്‌ക്കോളര്‍ഷിപ്പ് 50 ലക്ഷം രൂപ, ബഡ്‌സ് സ്‌ക്കൂളിന് വാഹനം 25 ലക്ഷം, വയോജനങ്ങള്‍ക്കായി ഉല്ലാസ യാത്രയുള്‍പ്പെടെയുള്ള പദ്ധതികള്‍, പട്ടികജാതി വികസനത്തിന് 70,91,000 രൂപ, പാലിയേറ്റീവ് കെയര്‍ പദ്ധതി 60 ലക്ഷം, പാലിയേറ്റീവ് കെയര്‍ പദ്ധതിക്ക് വാഹനം 15 ലക്ഷം, അതിജീവനം കാന്‍സര്‍ നിവാരണ പദ്ധതി 32 ലക്ഷം, ഡയാലിസിസ് സെന്റര്‍ നടത്തിപ്പിന് 40 ലക്ഷം, താലൂക്ക് ആശുപത്രി ഭൌതിക സൌകര്യം മെച്ചപ്പെടുത്തുന്നതിനും മറ്റുമായി 75 ലക്ഷം, ശുചിത്വ മാലിന്യ സംസ്‌ക്കരണം 1,70,00,000 രൂപ, പാര്‍പ്പിടം 2 കോടി, റോഡ് വികസനത്തിന് 4 കോടി, മറ്റ് മരാമത്ത് പ്രവര്‍ത്തികള്‍ക്ക് ഒന്നര കോടി, ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ക്ക് 1,30,00,000 രൂപ, ദുരിതാശ്വാസ നിധിയില്‍ നിന്നും അര്‍ഹരായവര്‍ക്ക് 6000 രൂപ വരെ ധനസഹായം എന്നിങ്ങനെ ഏറെ ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
ചെയര്‍പേഴ്‌സണ്‍ സി പി ഹബീബ ബഷീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജബറ്റ് അവതരണ യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഷാഹിന തിരുനിലത്ത്, സി.പി സുഹ്‌റാബി, വി.വി അബു, കെ.കെ റിഫ ഫത്താഹ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി റംസി ഇസ്മായീല്‍, മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top