എസ്എംഎ കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും സംഗമം നടത്തി

കോഴിക്കോട്:സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും സംസ്ഥാനതല കുടുംബ സംഗമവും ശില്പശാലയും കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ നിള ഹാളില്‍ സംഘടിപ്പിച്ചു.

തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് എസ്എംഎ ബാധിച്ച കുട്ടികള്‍ക്കുള്ള പുനരധിവാസത്തെക്കുറിച്ച് ഡോ. റീബ മേരി മണി (പ്രൊഫസര്‍, ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷന്‍ വകുപ്പ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്) ക്ലാസെടുത്തു. തുടര്‍ന്ന് മാതാപിതാക്കളുടെ സംശയങ്ങള്‍ക്ക് ശിശു രോഗ വിഭാഗം, ന്യൂറോളജി, പള്‍മനോളജി, ഓര്‍ത്തോപിടിക്‌സ്, ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷന്‍ എന്നി വിഭാഗം ഡോക്ടര്‍മാര്‍ മറുപടി പറഞ്ഞു.

രക്ഷിതാക്കള്‍ക്കായുള്ള ഹാന്‍ഡ്‌സ് ഓണ്‍ തെറാപ്പി സെഷനും രക്ഷിതാക്കള്‍ക്ക് കൂടുതല്‍ അറിവ് നല്‍കുന്നതിനായി ലഘുലേഖയും വിതരണം ചെയ്തു.

കേരള യുണൈറ്റഡ് എഗേന്‍സ്റ്റ് റെയര്‍ ഡിസീസ് (KARE) എന്ന അപൂര്‍വ്വ രോഗങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നൂറോളം കുട്ടികള്‍ക്ക് സൗജന്യമായി തുടര്‍ച്ചയായി ലക്ഷങ്ങള്‍ വില വരുന്ന മരുന്നുകള്‍ നല്‍കുന്നത്.

പരിപാടിയില്‍ 50 കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. ‘പ്രതീക്ഷയുടെ നിറങ്ങള്‍’ എന്ന പേരില്‍ എസ്എംഎ കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തി. കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച കലണ്ടര്‍ പ്രകാശനം ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ കെ ജി സജീത് കുമാര്‍ നിര്‍വഹിച്ചു. ഡോ. കെ ശ്രീജിത്ത് (ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷന്‍ വകുപ്പ് മേധാവി, കോഴിക്കോട് മെഡിക്കല്‍ കോളേജ്), എന്‍ രാജേന്ദ്രന്‍ (ജില്ലാ മെഡിക്കല്‍ ഓഫീസര്‍), എ അരുണ്‍കുമാര്‍ (കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍), ഡോ. അഷ്‌റഫ് ടിപി (പീഡിയാട്രിക് വകുപ്പ്, മഞ്ചേരി മെഡിക്കല്‍ കോളേജ്), ശ്രീ അജീഷ്, (ഡിഇഐസി മാനേജര്‍ ദേശീയ ആരോഗ്യ ദൗത്യം) എന്നിവര്‍ പങ്കെടുത്തു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top