കൊച്ചി ടാറ്റൂ ആര്‍ടിസ്റ്റ്‌നെതിരെ ആറ് യുവതികളുടെ ലൈംഗിക പീഡന പരാതി. ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പരാതി നല്‍കി. ഇതോടെ ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റു ആര്‍ടിസ്റ്റ് സുജീഷിനെതിരെ ആറ് യുവതികള്‍ പരാതി നല്‍കി. നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. യുവതിയുടെ ആരോപണത്തിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രംഗത്ത് വന്നു. കഴിഞ്ഞ ദിവസം നിരവധി പെണ്‍കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു
സുജീഷിന്റെ ഉടമസ്ഥതത്തിലുള്ള ഇന്‍ക്‌ഫെക്ടഡ് എന്ന സ്ഥാപനത്തിന്റെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്ന് യുവതികളുടെ താമസസ്ഥലത്തെത്തി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. ഇതിന് ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
ടാറ്റൂ ആര്‍ടിസ്റ്റ് സുജീഷ് ഒളിവിലാണ്. സുജീഷിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു. മാസ് പെറ്റീഷനായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും യുവതികള്‍ പറഞ്ഞു. കമ്മീഷണര്‍ പൂര്‍ണ പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കുന്നതെന്നും പരാതിയില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചതായും യുവതികള്‍ പറഞ്ഞു.



