തിരൂരില്‍ ഒരു വീട്ടിലെ ആറുകുട്ടികളുടെ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് പോലീസ്

തിരൂര്‍: തിരൂരില്‍ ഒരു ദമ്പതികളുടെ ആറുകുട്ടികള്‍ ഒമ്പതുവര്‍ഷത്തിനിടെ തുടര്‍ച്ചയായി മരിച്ച സംഭവത്തില്‍ പോലീസ് സമഗ്രാന്വേഷണത്തിനൊരുങ്ങുന്നു. ഇന്നു പുലര്‍ച്ചെ മരിച്ച മൂന്ന് മാസം മാത്രം പ്രായുമുള്ള കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പോലീസിന്റെ നീക്കം.

തിരൂര്‍ ചെമ്പ്ര റോഡില്‍ തറമ്മല്‍ റഫീഖ് -സബ്‌ന ദമ്പതിമാരുടെ മക്കളാണ് ഒമ്പതുവര്‍ഷത്തിനിടെ മരിച്ചത്. മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്. അഞ്ച് കുട്ടികള്‍ ഒരുവയസ്സിന് താഴെയുള്ളപ്പോഴാണ് മരിച്ചത്. ഒരു പെണ്‍കുട്ടി മാത്രം നാലര വയസ്സുവരെ ജീവിച്ചിരുന്നു. ഇവരുട ആറാമത്തെ ആണ്‍കുഞ്ഞാണ് ഇപ്പോള്‍ മരിച്ചത്. ഇന്ന് രാവിലെ പത്തരമണിയോടെ ഈ കുഞ്ഞിന്റെ മൃതദേഹം തിരൂര്‍ കോരങ്ങത്ത് പള്ളിയില്‍ മറവ് ചെയ്തിരുന്നു. കുട്ടികളുടെ അസ്വാഭാവിക മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ സംശയത്തെ തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത്. മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ചിരുന്നതിനാല്‍ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അബ്ദുള്‍ കരീം വ്യക്തമാക്കി.

കുഞ്ഞിന്റെ മതദേഹം പുറത്തെടുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് സംശയമുയര്‍ന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കിട്ടിയ പരാതിയിലും പ്രാഥമിക വിവരങ്ങളിലും വ്യക്തമായ ചിത്രങ്ങളോ തെളിവുകളോ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടു.

എന്നാല്‍ കുട്ടികളുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നെന്നും കുട്ടികളുടെ പിതാവിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. നിരവധി ആശുപത്രികളിലും വിദഗ്ധ ഡോക്ടര്‍മാരുടെ അടുത്തും നേരത്തെ തന്നെ കുട്ടികളുടെ മാതാവ് ഗര്‍ഭിണിയായിരിക്കുന്ന സമയത്തും തുടര്‍ന്നും പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

 

Related Articles