ന്യൂഡല്‍ഹി: സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 യസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.
1974ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐ അംഗമായത്. അടിയന്തിരാവസ്ഥ കാലത്ത് കുറെക്കാലം ഒളിവില്‍പ്രവര്‍ത്തിക്കുകയും 1975ല്‍അറസ്റ്റ ചെയ്യപ്പെടുകയും ചെയ്തു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ദില്ലി ജവഹര്‍ലാല്‍നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം തുടങ്ങിയെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായതോടെ മുടങ്ങി.
സര്‍വേശ്വര സോമയാജി യെച്ചൂരി കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് ജനിച്ച സീതാറാം പഠനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ചയാളായിരുന്നു. ചെന്നൈയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറിക്ക് പഠിക്കുമ്പോള്‍ സിബിഎസ്സി പരീക്ഷയില്‍ രാജ്യത്ത് ഒന്നാംറാങ്ക് നേടി. തുടര്‍ന്ന് ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിഎ ഓണേഴ്‌സ് പഠനം. ജെഎന്‍യുവില്‍ നിന്ന് എംഎ പൂര്‍ത്തിയാക്കി.
1975ലാണ് സിപിഐ എം അംഗമായത്. 1985ല്‍ 12ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റി അംഗമായി. പി സുന്ദരയ്യ, ഇ എം എസ്, ബി ടി ആര്‍, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ബസവ പുന്നയ്യ, ജ്യോതിബസു തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ഭാര്യയാണ്. യുകെയില്‍ സര്‍വകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവര്‍ മക്കള്‍.



