തൃശ്ശൂര്‍: മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകിക്കും നവീനും പിന്തുണയര്‍പ്പിച്ചും വിദ്വേഷ പ്രചാരണത്തിനെതിരേയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ട്വിറ്ററില്‍ ഇരുവരുടേയും ഡാന്‍സ് വീഡിയോ പങ്കുവെച്ചായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
The mindset that promotes hate and division cannot stomach comradeship and joy that these young students reflect so naturally.
The hate brigade only knows how to spew venom.
But they will not succeed.https://t.co/idg68LYsXC— Sitaram Yechury (@SitaramYechury) April 9, 2021
വിദ്വേഷത്തെയും വിഭജനത്തെയും പ്രോത്സാഹിപ്പിക്കുന്ന മാനസികാവസ്ഥയുള്ളവര്‍ക്ക് ഇതൊന്നും ദഹിക്കില്ലെന്നും വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് എങ്ങനെ വിഷം തുപ്പാമെന്ന് മാത്രമെ അറിയൂ. അവര്‍ വിജയിക്കില്ലെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം വിദ്വേഷ പ്രചരണത്തിനിടെ വീണ്ടും വീഡിയോയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പുതിയ വീഡിയോയില്‍ നവീനും ജാനകിയുമുള്‍പ്പെടെ പന്ത്രണ്ട് പേരാണ് ചുവടുകള്‍ വെക്കുന്നത്. ‘റാ റാ റാസ്പുടിന്‍’ പാട്ടുമായി തന്നെയാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
കോളേജ് യൂണിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ‘വെറുക്കാനാണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ തന്നെയാണ് തീരുമാനം’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നൃത്തം ചെയ്തവരുടെ പേര് വിവരങ്ങളും യൂണിയന്‍ വീഡിയോക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ പേരുകളിലെ തലയും വാലും തപ്പിപോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടാന്‍ എന്ന കുറിപ്പോടെയാണ് പേരുകള്‍ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയുമായി ബന്ധപ്പെട്ട് ലവ് ജിഹാദ് ആരോപിച്ച് ഇരുവര്‍ക്കുമെതിരെ വിദ്വേഷ പ്രചാരണം നടന്നത്.
ജാനകിയും നവീനും കോളേജിന്റെ കോറിഡോറില്‍ വെച്ച് കളിച്ച 30 സെക്കന്‍ഡുള്ള നൃത്ത വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.




