HIGHLIGHTS : Bhava singer P. Jayachandran passes away
തൃശൂര്‍ : മലയാളികളുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ (80) അന്തരിച്ചു. അമല ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള ചലച്ചിത്രഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളില്‍ പലതും പാടിയിട്ടുള്ള അദ്ദേഹം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായ 16000 ലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്‌കാരം എന്നിവയും ലഭിച്ചു. ഭാര്യ ലളിത. മകള്‍ ലക്ഷ്മി. മകന്‍ ഗായകന്‍ കൂടിയായ ദിനനാഥന്‍.
തൃപ്പൂണിത്തുറ കോവിലകത്തെ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാര്‍ച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രന്‍ ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുട പാലിയത്തേക്കു താമസം മാറി. കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചു. സംഗീത പ്രേമിയും ഗായകനുമായിരുന്ന പിതാവില്‍നിന്നാണ് സംഗീതത്തോടുള്ള താല്‍പര്യം ജയചന്ദ്രനിലേക്കു പകര്‍ന്നത്. സ്‌കൂളിലും വീടിനു സമീപത്തെ ക്രിസ്ത്യന്‍ പള്ളിയിലും ജയചന്ദ്രന്‍ പതിവായി പാടിയിരുന്നു.
ചേന്ദമംഗലത്തെ പാലിയം സ്‌കൂളിള്‍, ആലുവ സെന്റ് മേരീസ് ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട നാഷനല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1858 ല്‍ ആദ്യ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ജയചന്ദ്രന് മൃദംഗത്തില്‍ ഒന്നാംസ്ഥാനവും ലളിതഗാനത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം മദ്രാസില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറി.
കളിത്തോഴന്‍ എന്ന ചിത്രത്തില്‍ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന, മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്ന പാട്ടാണ് ജയചന്ദ്രന്‍ പാടി പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രഗാനം. പിന്നീട് ജയചന്ദ്രന്‍ ജോലി വിട്ട് സംഗീതരംഗത്തു തുടര്‍ന്നു.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം, കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാര്‍വട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹര്‍ഷബാഷ്പം ചൂടി, ഏകാന്ത പഥികന്‍, ശരദിന്ദു മലര്‍ദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിന്‍മണിയറയിലെ നിര്‍മലശയ്യയിലെ, ഉപാസന ഉപാസനാ,
മല്ലികപ്പൂവിന്‍ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയില്‍, നുണക്കുഴിക്കവിളില്‍ നഖചിത്രമെഴുതും, കരിമുകില്‍ കാട്ടിലെ, ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു, കേവലമര്‍ത്യഭാഷ, പ്രായം തമ്മില്‍ മോഹം നല്‍കി, കല്ലായിക്കടവത്തെ, വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോള്‍, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമല്‍ തൈമുല്ല തുടങ്ങിയവയാണ് ശ്രദ്ധേയ ചലച്ചിത്രഗാനങ്ങള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു