ജീവിതത്തിലും അതിജീവനത്തിലും മാത്രമല്ല ; മരണത്തിലും വിപ്ലവകാരിയായ ബ്രിട്ടോ

ഷിജു ദിവ്യ

ഹൃദയം തൊടുന്ന ബോദ്ധ്യങ്ങള്‍ക്കനുസരിച്ച് ജീവിച്ച കുറ്റത്തിന് ജീവിതം കവര്‍ന്നെടുക്കപ്പെട്ട മനുഷ്യരുടെ വംശാവലിയെ നാം രക്തസാക്ഷികളെന്ന് വിളിക്കുന്നു . അതില്‍ ചിലര്‍ ചൂണ്ടക്കൊളുത്തില്‍ നിന്നൂര്‍ന്നു പോവുന്ന മീനുകളെപ്പോലെ പാതി മുറിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വീഴാറുണ്ട് . മനുഷ്യകുലത്തിനു വേണ്ടി തങ്ങളുടെ വംശമനുഭവിച്ച മുറിവുകളെക്കുറിച്ച് നമ്മെ പഠിപ്പിക്കാന്‍ . മരണത്തിന്റെ മറ്റൊരു ലോകം കണ്ടു വന്ന സചേതന രക്തസാക്ഷ്യമാണ് സഖാവ് സൈമണ്‍ ബ്രിട്ടോ .
‘കടന്നുപോയ പോരാളികള്‍ക്ക്
ഒരുപിടിപൂക്കള്‍ മതിയാവും
നിലനില്‍ക്കുന്ന രക്തസാക്ഷികള്‍ക്ക്
നിലനില്‍ക്കാന്‍ പക്ഷേ,
നമ്മളെന്തുനല്‍കും ?
വീണുപോയ വിജേതാക്കള്‍ക്ക്
ഒരുവിലാപഗീതം മതിയാവും.
കനല്‍കായ്കകുന്ന കൊടിമരങ്ങള്‍ക്കു-
കത്തിനില്‍ക്കാന്‍ പക്ഷേ,
നമ്മളെന്തുനല്‍കും ?
ചോരയിലവസാനിച്ച ധീരന്മാര്ക്ക് ഒരു
സ്മാരകമന്ദിരം മതിയാവും
കൊലയറകള്‍ ചെറുത്തുനില്‍ക്കും
ഹൃദയങ്ങള്‍ക്ക്
മിടിച്ചുനില്‍ക്കാന്‍ പക്ഷേ,
നമ്മളെന്തുനല്‍കും ? ‘

(കുഞ്ഞപ്പ പട്ടാനൂര്‍)

അനന്യമായ ആര്‍ജ്ജവം കൊണ്ടു മാത്രമല്ല ആഴമുള്ള രാഷ്ട്രീയ സ്ഥൈര്യവും സ്‌നേഹഭരിതമായ ചേര്‍ത്തുനിര്‍ത്തലും കൊണ്ട് ഉടലിന്റെ പാതി നിശ്ചലതയെ ഉയിരുകൊണ്ടയാള്‍ പൂരിപ്പിച്ചു . അങ്ങനെ അതിജീവനമെന്ന പദത്തിന് പര്യായമായി .

വെട്ടേറ്റു വീണിടത്ത് നിന്നും ആശുപത്രിക്കിടക്കയിലേക്ക് . പ്രതീക്ഷകളുടെ ഊന്നു വടിയിലും ഉരുള്‍ ചക്രങ്ങളിലും ഉടലൂന്നി ജീവിതത്തിലേക്ക് . നിയമസഭാ പ്രതിനിധിയായതടക്കമുള്ള ദൈനം ദിന പ്രായോഗിക രാഷ്ട്രീയം മാത്രമല്ല , ചേതോഹരമായ ഭാഷയില്‍ രചിച്ച അഗ്രഗാമിയടക്കമുള്ള രണ്ട് നോവലുകള്‍ . ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ നിഷേധമായ അടിയന്തിരാവസ്ഥക്കാലം വിദ്യാര്‍ത്ഥിയായിരുന്ന ബ്രിട്ടോവിന്റെ മനസ്സില്‍ വരച്ചിട്ട ചിത്രങ്ങളും അനുഭവങ്ങളുമാണ് ‘അഗ്രഗാമി’യെന്ന നോവല്‍ . അവാന്റ്ഗാര്‍ഡ് എന്ന പദത്തെ തത്തുല്യമായി ഉള്‍ക്കൊള്ളുമോ ‘അഗ്രഗാമി’ എന്ന മലയാള പദം ? വിപ്ലവകാരികളുടെ അഗ്രഗാമിയായിരുന്നു ബ്രിട്ടോ .

വടകരയില്‍ ഒരു SFI പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് ആദ്യമായ് സഖാവിനെ പരിചയപ്പെടുന്നത് . ആ ദിനം ഓര്‍മ്മകളിലെന്നുമുണ്ടാവും .

സ.ടി.പി.ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ ആ അനുപമ രക്തസാക്ഷിത്വത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ബ്രിട്ടോ ഒഞ്ചിയത്തെത്തി . രമേച്ചിയെയും അഭിനന്ദിനെയും ചേര്‍ത്തു നിര്‍ത്തി ഒഞ്ചിയത്തിന്റെ ജനതയ്‌ക്കൊപ്പം അദ്ദേഹം നിലയുറപ്പിച്ചു. മുഖത്തേറ്റ വെട്ടുകള്‍ക്കു പുറമെ ചന്ദ്രശേഖരന്റെ വ്യക്തി ജീവിതത്തെപ്പോലും നുണകള്‍ കൊണ്ടും അപവാദങ്ങള്‍ കൊണ്ടും വീണ്ടും വീണ്ടും വെട്ടിവീഴ്ത്താനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്ന വേളയില്‍ ചന്ദ്രശേഖരന്‍ ഉശിരനായ കമ്മ്യൂണിസ്റ്റാണെന്നും പോര്‍മുഖങ്ങളില്‍ വീണുപോവുന്ന രക്തസാക്ഷിത്വങ്ങളില്‍ ഉജ്ജ്വലമാണ് അദ്ദേഹത്തിന്റെതെന്നും ബ്രിട്ടോ പറഞ്ഞു. അത് ആ സന്ദര്‍ഭത്തിന്റെ വൈകാരികതയില്‍ വന്ന വെറും വാക്കായിരുന്നില്ല . എപ്പോഴൊക്കെ ചന്ദ്രശേഖരന്‍ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞോ അപ്പോഴൊക്കെ ബ്രിട്ടോ വികാരാധീനനാവാറുണ്ടായിരുന്നു. നഷ്ടബോധത്തിന്റെയും ആദരവിന്റെയും സമ്മിശ്ര വികാരങ്ങളില്‍ ചന്ദ്രശേഖരനെ അടയാളപ്പെടുത്താറുണ്ടായിരുന്നു.
പ്രിയ ബ്രിട്ടോ
താങ്കള്‍ പകര്‍ന്ന സ്‌നേഹത്തിനുമുണ്ട് ഒരു പങ്ക് , ഈ നാടിന്റെ അതിജീവനത്തില്‍ .

തന്നെ വീഴ്ത്തിയ കലാലയത്തിന്റെ ഇടനാഴികളില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ചോര വീണപ്പോള്‍ ബ്രിട്ടോ വീണ്ടുമെത്തി . അഭിമന്യു ബ്രിട്ടോയ്ക്ക് ഒരു സഖാവ് മാത്രമായിരുന്നില്ല . ഒരച്ഛന്റെ സ്‌നേഹത്തോടെ പ്രാണനില്‍ കൊത്തിവച്ചതായിരുന്നവനെ . അഭിമന്യു വീണപ്പോള്‍ വട്ടവടയെന്ന ദേശത്തിന്റെ മാത്രമല്ല , ബ്രിട്ടോയുടെ ജീവിതത്തിന്റെയും ഒരു വിളക്കുകാലാണ് അണഞ്ഞത് .

ഒരു പാട് വെല്ലുവിളികളതിജീവിച്ചാണ് സീന ബ്രിട്ടോയുടെ ജീവിതത്തിലെത്തിയത് . ത്യാഗമെന്ന് വിളിച്ച് ഞാനതിനെ അവഹേളിക്കുന്നില്ല. ഏറ്റവും തീവ്രമായി പ്രണയം നിറച്ച് സീന ബ്രിട്ടോയുടെ അതിജീവന സമരത്തിലൊപ്പം നിന്നു . വീല്‍ചെയര്‍ , ഊന്നുവടികള്‍ , മരുന്നുകള്‍ , പുസ്തകങ്ങള്‍ , വായനക്കുറിപ്പുകള്‍ , സൗഹൃദ സന്ദര്‍ശനങ്ങള്‍ , സംവാദങ്ങള്‍ …
എത്ര വലിയ ശൂന്യതയാണ് അവരെ കാത്തിരിക്കുന്നത് .ഈ ഏകാന്തത മറികടക്കാന്‍ അവര്‍ക്ക് കഴിയട്ടെ …

തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിട്ടു നല്‍കണമെന്ന് ബ്രിട്ടോ ആവശ്യപ്പെട്ടിരുന്നത്രേ . കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കാണ് ആ ശരീരം കൈമാറുന്നതെന്നറിയുന്നു. ജീവിതം കൊണ്ടും അതിജീവനം കൊണ്ടും മാത്രമല്ല , മരണം കൊണ്ടു കൂടി വിപ്ലവകാരികള്‍ വേറിട്ടു നില്‍ക്കുന്നു . സത്യവും സ്‌നേഹവും കൊണ്ട് നമ്മിലെല്ലാം വേരാഴ്ത്തിയ ഒരു മഹാ ജീവിതമാണ് കടപുഴകി വീണത് .അതിജീവിക്കാന്‍ നമുക്കും കഴിയട്ടെ.

Related Articles