തിരുവനന്തപുരം: എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാം കേസിലെ പ്രതി ആന്‍ഡമാന്‍ സ്വദേശി മുഹമ്മദ് അലി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് 17 വര്‍ഷത്തിന് ശേഷം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ആയിരുന്ന ശ്യാമള്‍ മണ്ഡലിനെ 2005 ഒക്ടോബര്‍ 13നാണ് കോവളം ബൈപാസിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയറുത്തു കൊന്ന ശേഷം മൃതദേഹം ചാക്കില്‍ കെട്ടി മാലിന്യം നിറഞ്ഞ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു.
ചാക്കുകെട്ടില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്.
2008ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. നേപ്പോള്‍ സ്വദേശി ദുര്‍ഗ്ഗ ബഹദുര്‍ ഭട്ട് ചേത്രി എന്ന ഭീപക്, ശ്യാമള്‍ മണ്ഡലിന്റെ കുടുംബ സുഹൃത്ത് മുഹമ്മദ് അലി എന്നിവരാണ് കേസിലെ പ്രതികള്‍. രണ്ടാം പ്രതി മുഹമ്മദ് അലിയാണ് വിചാരണ നേരിടുന്ന പ്രതി. ഒന്നാം പ്രതി ഒളിവിലാണ്.



