HIGHLIGHTS : Shruti has been admitted to a government job
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബത്തെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ആയാണ് ശ്രുതിക്ക് നിയമനം. വയനാട് കളക്ടറേറ്റിലെത്തിയാണ് ശ്രുതി ജോലിയില്‍ പ്രവേശിച്ചത്. ജോലി ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും ഏവരോടും നന്ദിയുണ്ടെന്നും ശ്രുതി പ്രതികരിച്ചു. കൃത്യനിര്‍വഹണം വേഗത്തില്‍ മനസ്സിലാക്കാനും പഠിച്ചെടുക്കാനും കഴിയുന്ന വിഭാഗത്തിലാണ് ചുമതല നല്‍കിയിരിക്കുന്നത് എഡിഎം പ്രതികരിച്ചു.
നിലവില്‍ ചെയ്തിരുന്ന ജോലി തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ചുമതല ഏല്‍ക്കും മുമ്പ് ശ്രുതിയെ റവന്യൂ മന്ത്രി കെ രാജന്‍ ഫോണില്‍ വിളിച്ചു. റവന്യൂ വകുപ്പ് പരാതി പരിഹാര സെല്ലിലെ തപാല്‍ വിഭാഗത്തിലാണ് ശ്രുതിക്ക് ജോലി. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റില്‍ നിയമനം നല്‍കിയത്.
കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലിനുശേഷം ബന്ധുക്കള്‍ക്കൊപ്പം കഴിയുകയായിരുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞമാസം നടത്താനിരിക്കെയാണ് പ്രതിശ്രുത വരന്‍ ജെന്‍സണെയും അപകടത്തില്‍ നഷ്ടമായത്.
ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. കിഞ്ഞമാസമാണ് റവന്യൂ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.