HIGHLIGHTS : Transgender Vaiga gets yellow ration card through Adalat; just six months after applying
കോഴിക്കോട്:’ആറ് മാസം മുന്‍പ് മാത്രമാണ് ഞാന്‍ കോഴിക്കോട് സൗത്ത് റേഷനിങ് വിഭാഗത്തില്‍ റേഷന്‍ കാര്‍ഡ് മാറ്റാന്‍ അപേക്ഷ നല്‍കിയത്. എഎവൈ (മഞ്ഞ) കാര്‍ഡിനാണ് അപേക്ഷിച്ചത് എന്നതിനാല്‍ ഇത്ര പെട്ടെന്ന് ലഭിക്കും എന്ന് കരുതിയില്ല. പെട്ടെന്ന് തന്നെ കാര്‍ഡ് ലഭ്യമാക്കി നല്‍കിയതില്‍ ഒരുപാട് നന്ദിയുണ്ട്,’ കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിനിയായ ട്രാന്‍സ്ജന്‍ഡര്‍ വൈഗ സുബ്രഹ്‌മണ്യം പറഞ്ഞു.
തിങ്കളാഴ്ച കോവൂര്‍ പി കൃഷ്ണപിള്ള ഹാളില്‍ നടന്ന കരുതലും കൈത്താങ്ങും കോഴിക്കോട് താലൂക്ക്തല അദാലത്തില്‍ വെച്ചാണ് വൈഗ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസില്‍ നിന്ന് മഞ്ഞ റേഷന്‍ കാര്‍ഡ് സ്വീകരിച്ചത്.
നേരത്തെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട പിങ്ക് റേഷന്‍ കാര്‍ഡ് ഉടമയായിരുന്ന വൈഗ തനിയ്ക്ക് ഏറ്റവും മുന്‍ഗണനയുള്ള എഎവൈ കാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാര്‍ഡ് മാറ്റത്തിന് അപേക്ഷ നല്‍കിയിരുന്നത്.
ട്രാന്‍സ്ജന്‍ഡര്‍ എന്ന നിലയില്‍ വൈഗയ്ക്ക് എഎവൈ കാര്‍ഡിന് പ്രത്യേക പരിഗണനയുള്ളതായി സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. അനധികൃതമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയതോടെ കൂടുതല്‍ പേര്‍ അത്തരം റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചതും അര്‍ഹര്‍ക്ക് ആ കാര്‍ഡുകള്‍ നല്‍കാന്‍ സഹായിച്ചു. ആകെ 36 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ മന്ത്രി മുഹമ്മദ് റിയാസ് അദാലത്തില്‍ വിതരണം ചെയ്തു.
41-കാരി വൈഗയ്ക്ക് നേരത്തെ ബ്രസ്റ്റ് ഓഗ്മെന്റേഷന്‍ സര്‍ജറി, ജന്‍ഡര്‍ അഫര്‍മേഷന്‍ സര്‍ജറി എന്നിവ നടത്താന്‍ സര്‍ക്കാര്‍ സ്‌കീമില്‍ രണ്ടര ലക്ഷം രൂപ ലഭിച്ചിരുന്നു. ഇതിന് പുറമെ, ശസ്ത്രക്രിയയ്ക്ക് ശേഷം ആഫ്റ്റര്‍ കെയര്‍ ആയി 72,000 രൂപയും ലഭിച്ചു.