HIGHLIGHTS : Ship accident assessed under the leadership of the Chief Secretary

എംഎസ്സി എല്‍സാ 3 കപ്പല്‍ കേരള തീരത്ത് മുങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍ ആരംഭിച്ചതായി യോഗം അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും പൊതുജന സുരക്ഷയ്ക്കും മത്സ്യബന്ധന മേഖലയുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതായി യോഗം അറിയിച്ചു.

തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ പൂര്‍ണ്ണമായും മുങ്ങിയ കപ്പലില്‍ നിന്ന് ഏകദേശം 100 കണ്ടെയ്നറുകള്‍ കടലില്‍ വീണതായി കരുതുന്നതായി യോഗം വിലയിരുത്തി. കപ്പലിലെ ഇന്ധനമായ എണ്ണ ചോര്‍ന്ന് കടലില്‍ വീണതിനാല്‍ പരിസ്ഥിതി മലിനീകരണത്തിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. എല്ലാ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും, എണ്ണപ്പാട കേരള തീരത്തേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും യോഗം അറിയിച്ചു.
കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ ആണ് ദേശീയ എണ്ണപ്പാട പ്രതിരോധ പദ്ധതിയുടെ അധ്യക്ഷന്‍. അദ്ദേഹം നേരിട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നും യോഗം അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ ചോര്‍ച്ച തടയാന്‍ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാന്‍ ഉള്ള പൊടി എണ്ണപ്പാടക്ക് മേല്‍ തളിക്കുന്നുണ്ട്.
ഓയില്‍സ്പില്‍ കണ്ടിജന്‍സി കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ ബൂംസ്‌കിമ്മറുകള്‍ ഉപയോഗിക്കുന്നതിനായി കോസ്റ്റ് ഗാര്‍ഡ്, നേവി, പോര്‍ട്ട് വകുപ്പ് എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ തൃശൂര്‍ മുതല്‍ തെക്കന്‍ ജില്ലകളില്‍ രണ്ട് വീതവും വടക്കന്‍ ജില്ലകളില്‍ ഒന്ന് വീതവും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിച്ച്, കണ്ടെയ്നറുകള്‍ മാറ്റുന്നതിന് JCB-കളും ക്രെയിനുകളും വിനിയോഗിക്കും. എണ്ണപ്പാട തീരത്ത് എത്തിയാല്‍ കൈകാര്യം ചെയ്യാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ടു വീതം റാപിഡ് റസ്‌പോണ്‍സ് ടീമുകള്‍ തൃശൂര്‍ മുതല്‍ തെക്കന്‍ ജില്ലകളിലും, വടക്കന്‍ ജില്ലകളില്‍ ഒന്ന് വീതം ടീമും തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ കണ്ടെയ്നറുകള്‍ എത്താന്‍ സാധ്യത കൂടുതലാണ് എന്ന് യോഗം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന നിര്‍ദ്ദേശം കാലാവസ്ഥാ സംബന്ധിയായി നല്‍കിയിട്ടുണ്ടെന്നും, കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ മത്സ്യബന്ധനം നിരോധിച്ചതായും അധികൃതര്‍ അറിയിച്ചു. തീരത്ത് അപൂര്‍വ വസ്തുക്കള്‍, കണ്ടെയ്നറുകള്‍ എന്നിവ കണ്ടാല്‍ 200 മീറ്റര്‍ അകലം പാലിക്കണമെന്നും, 112 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികള്‍ക്കും ബാധകമാണ്.
എണ്ണ കടലില്‍ താഴെത്തട്ടില്‍ പെട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്, നേവി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് എന്നിവയെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിന്‍ഹ, പുനീത് കുമാര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എഡിജിപി ലോ ആന്‍ഡ് ഓര്‍ഡര്‍ എച്ച്. വെങ്കടേശ്, ദുരന്ത നിവാരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കൗശിഗന്‍, സ്പെഷ്യല്‍ സെക്രട്ടറി പരിസ്ഥിതി വകുപ്പ് ശ്രീറാം സാംബശിവ റാവൂ, എന്‍.ഡി.എം.എ. ജോയിന്റ് അഡൈ്വസര്‍ ലെഫ്.കേണല്‍ സഞ്ജീവ് കുമാര്‍ ഷാഹി തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളും സുരക്ഷാ ഏജന്‍സി പ്രതിനിധികളും ജില്ലാ കളക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു