Section

malabari-logo-mobile

സാധാരണക്കാരന്റെ അരിയും മുടക്കി; ഒരു നല്ല പ്രതിപക്ഷം പോലുമാവാന്‍ കഴിയാത്ത നിങ്ങളെ എങ്ങനെ ജനം ഭരണത്തിലേറ്റും?: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

HIGHLIGHTS : The rice of the common man was cut off; How can people rule you when you can't even be a good opposition ?: Shihabuddin Poythumkadavu

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. ഏത് ഭരണം വന്നാലും പ്രതിപക്ഷം ശക്തമാകണം. കേരളത്തില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും ആശുപത്രികളും സ്‌കൂളുകളും മാറുമ്പോഴും സമരമാര്‍ഗ്ഗങ്ങള്‍ക്ക് മാത്രം മാറ്റമുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നേതാക്കളുടെ പെട്ടി തൂക്കി കാര്യം കാണല്‍, വൃത്തികെട്ട മാടമ്പി,സാമുദായിക,വര്‍ഗീയ നേതാക്കളെ ചെന്നു കണ്ടുള്ള പ്രീണന സന്ദര്‍ശനങ്ങള്‍, ആ വൃത്തികെട്ട മാടമ്പിമാരുടെ ഒപ്പമിരുന്നുള്ള ഫോട്ടോ സെഷനുകള്‍ ., പിന്നെ അടുത്ത ഏതോ അടഞ്ഞ വാതിലിനു മുന്നില്‍ നിന്ന് മുഖ്യമന്ത്രി രാജി വെക്കുക എന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ പത്രസമ്മേളനം വിളിച്ച് പറയുക. എന്നിട്ട് പോയുറങ്ങുക, ഇതൊക്കെയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഏറ്റവുമൊടുവില്‍ പാവപ്പെട്ടവര്‍ക്കുള്ള അരിവിതരണവും നിര്‍ത്തിവെച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

sameeksha-malabarinews

ഇത്തിരി സ്‌നേഹം ബാക്കിയുള്ളത് കൊണ്ട് ചോദിക്കുകയാണ്, ഇനിയും എങ്ങനെയാണ് ജനങ്ങള്‍ നിങ്ങളെ അധികാരത്തിലേറ്റുക എന്നും അദ്ദേഹം ചോദിച്ചു.

ഏത് ഭരണം വന്നാലും പ്രതിപക്ഷം ശക്തമാവണം. അത് വലിയ തിരുത്തൽ ശക്തിയാവണം.അതാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യവും…

Posted by Shihabuddin Poithumkadavu on Saturday, 27 March 2021

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏത് ഭരണം വന്നാലും പ്രതിപക്ഷം ശക്തമാവണം. അത് വലിയ തിരുത്തൽ ശക്തിയാവണം.അതാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യവും ആരോഗ്യവും.

ഇനി ചോദിക്കട്ടെ: നമ്മുടെ സർക്കാർകെട്ടിടങ്ങൾ മാറുന്നു, ഗവ.ആശുപത്രികൾ മാറുന്നു. സ്കൂൾ മാറുന്നു. എന്തിനേറെ, കൃഷിയിടങ്ങൾ പോലും മാറുന്നു. വേഷവും ഉപകരണങ്ങളും വാഹനങ്ങളും മാറുന്നു. പക്ഷേ, നമ്മുടെ സമരമാർഗ്ഗങ്ങൾക്ക് അനേകം പതിറ്റാണ്ടുകളായി എന്ത് കൊണ്ട് ഒരു മാറ്റവുമില്ല? എന്തുകൊണ്ട് അതിന് ഒട്ടും ഒരു പരിഷ്കൃത സമൂഹത്തിൻ്റെ ഛായയില്ല? കാലം എവിടെയോ സ്തംഭിച്ചു പോയ ശൂന്യ രൂപങ്ങൾ മാത്രം! ആൾക്കൂട്ട ഹിംസയുടെ ആവിഷ്ക്കാരങ്ങൾ മാത്രം!
പുതുതായൊന്നും പഠിക്കുകയോ ഭാവന കൊള്ളുകയോ ചെയ്യാത്ത രാഷ്ട്രീയ ശൈലിയ്ക്ക് പുതുതലമുറയെ ആകർഷിക്കാൻ സാധിക്കില്ല. അത്തരമൊന്നിന് യാതൊരു സ്കോപ്പുമില്ല സാർ.
അഞ്ച് കൊല്ലം കൂടുമ്പോൾ പരമ്പരാഗത രാഷ്ട്രീയ ശൈലി എന്ന എ.ടി.എമ്മിൽ പോയി ബട്ടനമർത്തുകയേ വേണ്ടൂ ,വോട്ട് ശറ പറ വരും എന്ന് ഈ പൂതലിച്ച രാഷ്ട്രീയ ശൈലീ രൂപം വിചാരിക്കുന്നു. മതവും ജാതിയും നോക്കുകയും അതിനകത്തെ ദുഷ്ടശക്തികളെ ഒന്ന് സന്തോഷിപ്പിക്കാനുള്ള വഴി കൂടി കണ്ടെത്തിയാൽ എല്ലാമായി. പിന്നെ, ‘കഞ്ഞി മുക്കി വടി പോലെയാക്കിയ ഖദർ കുപ്പായവുമായി പുറത്തിറങ്ങുക, നടക്കുമ്പോൾ പലക പോലെ പരസ്പരം ഉരഞ്ഞുണ്ടാകുന്ന മുണ്ടിൻ്റെ ശബ്ദം കേൾപ്പിക്കുക,, പോളീഷ് ചെയ്ത് മിനുക്കിയ കറുത്ത ല തർചെരുപ്പ്. വലിയ കുപ്പായക്കീശയിൽ അമർത്തി വെച്ച ലതർപേഴ്സ്, വലിയ പേന.ഒരേ പാറ്റേണിലുള്ള പ്രസംഗം സ്വയം ആവർത്തിച്ച് മടുക്കാതിരിക്കാനുള്ള ശേഷി, സ്വന്തം സംഘടനയ്ക്കകത്തെ ഒടുങ്ങാത്ത
ഗ്രൂപ്പ് വടംവലികളുടെ ആക്രോശങ്ങൾ ,സംഘട്ടനങ്ങൾ. സ്റ്റേജിലേക്ക് കേമറ കയറി വരുന്നത് കണ്ടാൽ തൻ്റെ മുഖം ഒപ്പമുള്ളവനെ തള്ളി അരുക്കാക്കുന്നതിൽ ഇതിനകം ആർജിച്ച വൈദഗ്ദ്യം, സംസ്ഥാന നേതാക്കളുടെ പെട്ടി തൂക്കി കാര്യം കാണൽ, വൃത്തികെട്ട മാടമ്പി / സാമുദായിക /വർഗീയ നേതാക്കളെ ചെന്നു കണ്ടുള്ള പ്രീണന സന്ദർശനങ്ങൾ, ആ വൃത്തികെട്ട മാടമ്പിമാരുടെ ഒപ്പമിരുന്നുള്ള ഫോട്ടോ സെഷനുകൾ. പിന്നെ അടുത്ത ഏതോ അടഞ്ഞ വാതിലിനു മുന്നിൽ നിന്ന് മുഖ്യമന്ത്രി രാജി വെക്കുക എന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ പത്രസമ്മേളനം വിളിച്ച് പറയുക. എന്നിട്ട് പോയുറങ്ങുക.

ഇപ്പോഴിതാ, അബദ്ധത്തിലാണെങ്കിലും ,കൂട്ടത്തിൽ സാധാരണക്കാരുടെ അരിയും മുടക്കിയിരുന്നു!. കുറച്ച് നാൾ മുമ്പ് വടക്കാഞ്ചേരിയിൽ പാവപ്പെട്ടവൻ്റെ കുടിപാർപ്പ് മുടക്കിയതിൻ്റെ തലവേദന ഇന്നും ഒഴിഞ്ഞിട്ടില്ല എന്ന് കൂടി ഓർക്കണം.

സത്യമായും ഇത്തിരി സ്നേഹം ബാക്കിയുള്ളത് കൊണ്ട് ചോദിക്കുകയാണ്: ഒരു നല്ല പ്രതിപക്ഷം പോലുമാവാൻ കഴിയാത്ത നിങ്ങളെ എങ്ങനെ ജനം ഭരണത്തിലേറ്റും?

പ്രിയ പ്രതിപക്ഷമേ, അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും നിങ്ങൾ ഇതിനൊക്കെ ഒരു പരിഹാരമുണ്ടാക്കണം. കാലം ആവശ്യപ്പെടുന്ന യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങണം. ചുരുങ്ങിയ പക്ഷം അങ്ങനെ ചില കാര്യങ്ങളുണ്ടെന്നെങ്കിലും അറിയണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!