HIGHLIGHTS : Shashi Tharoor praises the growth of Kerala's industrial sector
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്ന് ലേഖനത്തില്‍ പറയുന്നു. പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍’ എന്ന തലക്കെട്ടിലാണ് ലേഖനമുള്ളത്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28-ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു.
”സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് ദിവസം എടുക്കുമ്പോള്‍, ഇന്ത്യയില്‍ ശരാശരി 114 ദിവസം എടുക്കും. കേരളത്തില്‍ 236 ദിവസവും. എന്നാല്‍ രണ്ടാഴ്ച മുമ്പ് ‘രണ്ട് മിനിറ്റിനുള്ളില്‍’ ഒരു ബിസിനസ് തുടങ്ങാന്‍ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. കേരളത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടതും കരുതിയതുമായ കാര്യങ്ങളില്‍ നിന്നുള്ള സ്വാഗതാര്‍ഹമായ മാറ്റമാണിത്”, ശശി തരൂര്‍ കുറിച്ചു.
സംരംഭങ്ങള്‍ക്ക് ഏകജാലകത്തിലൂടെ അനുമതികള്‍ ലഭിക്കുമെന്ന് മാത്രമല്ല അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് സംഭവിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. രാജീവ് ചൂണ്ടിക്കാണിച്ചതുപോലെ, ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം 28-ാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തിയിട്ടുണ്ട്. എഐ, ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ, മെഷീന്‍ ലേണിംഗ് എന്നിവയുള്‍പ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനം ഒരു പുതിയ വ്യവസായ നയം നടപ്പാക്കിയിട്ടുണ്ട്. ‘ഇയര്‍ ഓഫ് എന്റര്‍പ്രൈസസ്’ ഉദ്യമത്തിലൂടെ 2,90,000 എംഎസ്എംഇകള്‍ സ്ഥാപിക്കപ്പെട്ടുവെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകര്‍ക്ക് കൃത്യമായ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് ബിസിനസിന്റെ കാര്യത്തില്‍ ചെകുത്താന്റെ കളിസ്ഥലമാണ് എന്ന് താന്‍ മുന്‍പ് പറയാറുണ്ടായിരുന്നു. അതില്‍ മാറ്റം വന്നെങ്കില്‍ അത് ആഘോഷിക്കേണ്ടതാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സംരംഭക ആവാസവ്യവസ്ഥ വികസിക്കുമ്പോള്‍, സാമ്പത്തിക നവീകരണത്തിന്റെയും സുസ്ഥിര വളര്‍ച്ചയുടെയും മാതൃകയായി കേരളം വേറിട്ടുനില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും തരൂര്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു