ഷഹബാസ് കൊലപാതകം: പോലീസ് അന്വേഷണം കൃത്യമായ വഴികളിലൂടെയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട്:എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ ഷഹബാസിന്റെ കൊലപാതകത്തിൽ കൃത്യമായ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നു വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ശനിയാഴ്ച ഷഹബാസിന്റെ താമരശ്ശേരി ചുങ്കത്തെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെങ്കിൽ ജില്ലയിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്കിടയിലെ സംഘർഷവും ലഹരിയുടെ ഉപയോഗവും വലിയ സാമൂഹിക പ്രശ്നമായി മാറുന്നുണ്ട്. കനത്ത ശിക്ഷ നടപടികളിലൂടെയും സാമൂഹിക ബോധവത്കരണത്തിലൂടെയും പരിഹാരം കാണണമെന്നും ഈ സാമൂഹിക വിപത്തിനെതിരെ ഒറ്റകെട്ടായി സമൂഹം ഉണ്ടാവണമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

ഫെബ്രുവരി 28 നാണു താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞു വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഷഹബാസ് മരിച്ചു. സംഭവത്തിൽ ഇതിനകം ആറ് വിദ്യാർഥികൾ പിടിയിലായിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top